Advertisement

ആറ്റിങ്ങലിൽ മത്സരിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ? ത്രികോണ മത്സരത്തിന് സാധ്യത; സംസ്ഥാന ഭരണത്തിന് ഏറ്റവും മോശം മാർക്ക് നൽകിയ മണ്ഡലം

December 18, 2023
Google News 0 minutes Read
Attingal Lok Sabha constituency V. Muraleedharan bjp 24 mood tracker survey 

24 മൂഡ് ട്രാക്കർ സർവേയിൽ സംസ്ഥാന സർക്കാരിനോട് കടുത്ത വിയോജിപ്പ് കാണിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. കേന്ദ്രത്തോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കൂടുതൽ ചായ്വ് കാണിച്ച മണ്ഡലവും ഇത് തന്നെ. ഇഷ്ട നേതാവായി 33 ശതമാനത്തോളം വോട്ട് നേടി നരേന്ദ്രമോദി രാഹുൽ ഗാന്ധിക്ക് തൊട്ടുപിന്നിലെത്തിയത് ആറ്റിങ്ങലിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ വ്യക്തമാക്കുന്നതാണ്.

സംസ്ഥാന ഭരണത്തിന് ഏറ്റവും മോശം മാർക്ക് നൽകിയ മണ്ഡലം ആറ്റിങ്ങലാണ്. 29 ശതമാനം പേർ ശരാശരിയെന്നും 27 ശതമാനം പേർ മോശമെന്നും 23 ശതമാനം പേർ വളരെ മോശമെന്നും സംസ്ഥാന ഭരണത്തെ വിലയിരുത്തി. കേന്ദ്രഭരണം ശരാശരിയെന്ന് 34 ശതമാനം പേർ പറഞ്ഞു. മികച്ചതെന്ന് 20 ശതമാനം പേരും പറഞ്ഞു. പകുതിയോളം പേർ കെ റെയിലിനെ പ്രതികൂലിച്ചു. ധനപ്രതിസന്ധിയ്ക്കും ക്ഷേമ പെൻഷനുകൾ മുടങ്ങുന്നതിനും കാരണം സംസ്ഥാന സർക്കാരാണെന്ന അഭിപ്രായമുള്ളത് 34 ശതമാനം പേർക്കാണ്. ഈ മറുപടികൾ വിലയിരുത്തുമ്പോൾ ഭരണവിരുദ്ധ വികാരത്തിനൊപ്പം കേന്ദ്ര സർക്കാരിലേക്കുള്ള ചായ്വ് കൂടി ആറ്റിങ്ങൽ വ്യക്തമാക്കുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എംപി അടൂർ പ്രകാശിൻ്റെ പ്രവർത്തനം ശരാശരിയാണ്. 57 ശതമാനവുമായി ശരാശരി അഭിപ്രായം ഏറെ മുന്നിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആറ്റിങ്ങലിൽ ആര് ജയിക്കുമെന്ന ചോദ്യത്തിന് എൽഡിഎഫ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. 34 ശതമാനം പേർ ഇടതുമുന്നണിയെ പിന്തുണച്ചപ്പോൾ 32 ശതമാനവുമായി യുഡിഎഫ് രണ്ടാമതാണ്. ബിജെപി 20 ശതമാനം പേർ പിന്തുണയ്ക്കുന്നു. മറ്റ് ചോദ്യങ്ങളിലൊക്കെ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നെങ്കിലും ഈ ചോദ്യത്തിന് കൂടുതൽ ആളുകൾ എൽഡിഎഫിനൊപ്പം നിന്നു.

കേരളത്തിൽ ഏറ്റവും വേഗത്തിൽ ബിജെപി വളരുന്ന ഒരിടം തിരുവനന്തപുരമാണെന്നും അതിൻ്റെ ഉദാഹരണമാണ് ആറ്റിങ്ങൽ എന്നും അസിസ്റ്റൻ്റ് എക്‌സിക്യൂട്ടിവ് എഡിറ്റർ വിജയകുമാർ പാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ എൽഡിഎഫിൻ്റെ വോട്ട് ചോർന്നത് ശോഭ സുരേന്ദ്രന് വോട്ട് ലഭിക്കാനും യുഡിഎഫ് വിജയിക്കാനും കാരണമായി. ഇവിടെ ത്രികോണമത്സരം നടക്കാൻ സാധ്യതയെന്നും വിജയകുമാർ പറഞ്ഞു. ഈ അഭിപ്രായങ്ങളോട് 24 എക്‌സിക്യൂട്ടീവ് എഡിറ്റർ കെആർ ഗോപീകൃഷ്ണൻ യോജിച്ചു. ബിജെപി വളർച്ചാസാധ്യതയ്ക്ക് പാകപ്പെട്ട മണ്ണാണ് ആറ്റിങ്ങലെന്ന് സർവേ വ്യക്തമാക്കുന്നു എന്നും ഗോപീകൃഷ്ണൻ ചൂണ്ടിക്കാട്ടി. അവിടെ യുഡിഎഫിന് നിർത്താൻ പറ്റിയ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയാണ് അടൂർ പ്രകാശ് എന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ് പ്രതികരിച്ചു. 73 ശതമാനം പേരും അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ പോസിറ്റീവായാണ് വിലയിരുത്തുന്നത്. വി മുരളീധരനെപ്പോലൊരു സ്ഥാനാർത്ഥി വന്നാൽ അടുർ പ്രകാശ് വീണ്ടും വിജയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ അടൂർ പ്രകാശിന് 38.34 ശതമാനവും എൽഡിഎഫിൻ്റെ എ സമ്പത്തിന് 34 ശതമാനവും ബിജെപിയുടെ ശോഭാ സുരേന്ദ്രന് 25 ശതമാനവും ലഭിച്ചു. ബിജെപി വോട്ട് ഷെയർ ഇത്തവണ വർധിക്കുമെന്നതാണ് സർവേ ഫലം വിലയിരുത്തുമ്പോൾ മനസിലാവുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here