Advertisement

333 താരങ്ങള്‍, എട്ട് മലയാളികള്‍; ഐപിഎല്‍ മിനി ലേലം ഇന്ന് ദുബായില്‍

December 19, 2023
2 minutes Read

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലേലം തുടങ്ങും. ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്. ഇക്കുറി മിനി ലേലമാണെങ്കിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ശ്രദ്ധേയപേരുകള്‍ ലേലത്തിനുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 262.95 കോടി രൂപ ചെലവഴിക്കാം.

കൂടുതല്‍ തുക കൈയിലുളള്ള ടീം ഗുജറാത്ത് ടൈറ്റന്‍സാണ്, 38.15 കോടി രൂപ. കുറഞ്ഞ തുക കൈവശമുള്ളത് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും (13.15 കോടി).ആകെ 333 കളിക്കാരാണ് ലേലത്തിന് പരിഗണനയിലുള്ളത്. ഇതില്‍ 214 ഇന്ത്യക്കാരുണ്ട്. എട്ട് മലയാളി താരങ്ങളും ലേലത്തിനുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 77 കളിക്കാരെ ടീമിലെത്തിക്കാം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമ ആപ്പിലും ലേലം തത്സമയം കാണിക്കും.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഇംഗ്ലിസ്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ അടിസ്ഥാനവില രണ്ടുകോടി രൂപയാണ്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍, ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കൂറ്റ്സെ, ഇന്ത്യയുടെ ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും രണ്ടുകോടി അടിസ്ഥാനവിലയുണ്ട്.

അതേസമയം ഐപിഎൽ ചരിത്രത്തിലാദ്യമായി ഒരു വനിത ഓക്‌ഷണർ നിയന്ത്രിക്കുന്ന ലേലമായിരിക്കും ഇന്ന് ദുബായിൽ നടക്കുക. പ്രൊ കബഡി ലീഗ്, വിമൻ പ്രിമിയർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളുടെ താരലേലം നിയന്ത്രിച്ചു പരിചയമുള്ള മുംബൈ സ്വദേശിനി മല്ലിക സാഗറാണ് ഇന്നത്തെ ഐപിഎൽ ലേലം നിയന്ത്രിക്കുക.

2024 മാർച്ച് 22ന് പുതിയ ഐപിഎൽ സീസൺ ആരംഭിക്കും എന്നാണ് സൂചനകൾ. ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു 2023ലെ ജേതാക്കൾ. ​ഗുജറാത്തിനെ തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിൽ കിരീടം ഉയർത്തിയത്. ഇതോടെ ചെന്നൈയുടെ കിരീട നേട്ടം 5 ആയി ഉയർന്നു. നിലവിൽ മുംബൈയ്ക്കും ചെന്നൈയ്ക്കും മാത്രമാണ് ഐപിഎലിൽ 5 കിരീടം അവകാശപ്പെടാനുള്ളത്. അരങ്ങേറ്റ സീസണിൽ തന്നെ കിരീടം ഉയർത്തിയ ​ഗുജറാത്തും നിലവിൽ മികച്ച ഫോമിലാണ്.

എന്നാൽ ​ഗുജറാത്ത് ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈയിൽ ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ക്യാപ്റ്റനായി ആണ് ഹാർദിക് ഇപ്പോൾ മുംബൈയിൽ എത്തിയിരിക്കുന്നത്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റുന്നതിൽ ടീം അം​ഗങ്ങൾക്കിടയിലും ആരാധകർക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസൺ ആരംഭിക്കും മുമ്പ് ഈ വിവാദങ്ങൾക്ക് പരിഹാരം കാണാൻ ആയിരിക്കും മുംബൈ ഇന്ത്യൻസ് ശ്രമിക്കുക.

Story Highlights: Big Ticket IPL 2024 auction to get underway in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top