ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാർശ; തീവ്രവാദത്തിന് പുതിയ നിർവചനം: പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുക. (new criminal laws rajyasabha)
പുതിയ ബില്ലുകൾ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് മൂന്നു മുതൽ 14 ദിവസം വരെയേ എടുക്കാവൂ. മൂന്ന് ദിവസത്തിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 14 ദിവസത്തിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂർത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളിൽ മൂന്ന് ദിവസത്തിനകം എഫ്ഐആർ ഫയൽ ചെയ്യണം.
Read Also: സുരക്ഷാ വീഴ്ചയിൽ ലോക്സഭയിൽ ബഹളം; ആറു കേരള എംപിമാരടക്കം15 പേർക്ക് സസ്പെൻഷൻ
ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷയ്‌ക്ക് ശുപാർശയുണ്ട് പുതിയ നിയമയത്തിൽ. അഞ്ചോ കൂടുതലോ പേർ ചേർന്ന് ജാതി, ഭാഷ, വിശ്വാസം എന്നിവയുടെ പേരിൽ കൊലനടത്തിയാൽ ആൾക്കൂട്ട കൊലയാവും എന്നതാണ് പുതിയ നിർവചനം. കേസിൽപ്പെട്ട, രാജ്യത്തിനു പുറത്തുള്ളവർ 90 ദിവസത്തിനകം കോടതിക്കു മുമ്പാകെ ഹാജരായില്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തുന്ന ട്രയൽ ഇൻ ആബ്സൻസ് വ്യവസ്ഥ പുതിയ നിയമ പ്രകാരമുണ്ടാകും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് ഏഴു ദിവസം ലഭിക്കും. ഏഴു ദിവസത്തിനുള്ളിൽ ജഡ്ജി വാദം കേൾക്കണം. 120 ദിവസത്തിനുള്ളിൽ കേസ് വിചാരണയ്‌ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളിൽ ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ ഇളവു വരും. 30 ദിവസത്തിനകം എല്ലാ രേഖകളും ഹാജരാക്കണം. അതിൽ താമസം വരുത്തരുത്.
മനുഷ്യക്കടത്ത് നിയമങ്ങൾ ലിംഗഭേദമില്ലാത്തതാക്കി. 18 വയസിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ പുതിയ നിയമങ്ങൾക്ക് കീഴിൽ പോക്സോ തത്തുല്യമായ വകുപ്പുകൾ സ്വയമേവ കൊണ്ടുവരും. വാഹനാപകടത്തിൽ പരിക്കേറ്റയാളെ അതേ ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണെങ്കിൽ, അവർക്ക് ചെറിയ ശിക്ഷയാണ് ലഭിക്കുക. ഹിറ്റ് ആൻഡ് റൺ കേസിന് കടുത്ത ശിക്ഷ ലഭിക്കും. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് നേരേയുള്ള ഏതു ഭീഷണിയും, ആക്രമണവും തീവ്രവാദമായി കണക്കാക്കും എന്നത് പുതിയ നിർവചനം.
ഇന്നലെ ലോകസഭയിൽ ഇന്ത്യമുന്നണി അംഗങ്ങളുടെ അസാന്നിദ്ധ്യത്തിലായിരുന്നു മൂന്നു ബില്ലുകളുടെ ചർച്ചയും പാസ്സാക്കലും.
Story Highlights: new criminal laws amit shah rajyasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here