പലതവണ മാറ്റിവച്ച ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനവും ഇന്ന് തന്നെ

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മെയ് മാസം നടക്കേണ്ട തെരഞ്ഞെടുപ്പാണ് പലതവണ മാറ്റിവെച്ചതിനു ശേഷം ഇന്ന് നടക്കുന്നത്. ഇന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. റെസലിംഗ് ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിൻ്റെ അടുത്ത അനുയായികൾ മത്സരിക്കുന്നുണ്ട്. (wrestling federation election today)
ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക ആരോപണം ഉന്നയിച്ചതോടെയാണ് ഭരണസമിതി വലിയ വിവാദത്തിൽപ്പെടുന്നത്. ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മുൻ ഗുസ്തി ചാംപ്യനായ അനിത ഷെറോൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ബ്രിജ്ഭൂഷൺ അനുകൂലിയായ സഞ്ജയ് കുമാർ സിങ് ആണ് പ്രധാന എതിരാളി. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ഡൽഹിയിലാണ് വോട്ടെടുപ്പ്. അതിനിടെ ഗുസ്തി താരങ്ങൾ ഇന്ന് വൈകിട്ട് നാലരയ്ക്ക് വാർത്ത സമ്മേളനം വിളിച്ചു.
ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്(UWW) റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്നായിരുന്നു നടപടി.
മെയ് മാസത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ ജൂലൈ നാലിന് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളിൽ നിന്നു പരാതി ഉയർന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി അസം റെസ്ലിംഗ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് വീണ്ടും സ്‌റ്റേ ചെയ്തിരുന്നു. തുടർന്നാണ് ഓഗസ്റ്റ് 11നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനിച്ച സാഹചര്യത്തിലാണ് യുഡബ്ല്യുഡബ്ല്യു നടപടിയെടുത്തത്.
ബ്രിജ് ഭീഷണെ പിന്തുണയ്ക്കുന്ന 18 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഗുസ്തി താരങ്ങളുടെ ആവശ്യപ്രകാരം ബ്രിജ് ഭൂഷണിൻ്റെ കുടുംബത്തിൽ നിന്നുള്ളവർ മത്സരിക്കുന്നില്ല.
Story Highlights: wrestling federation election today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here