Advertisement

‘പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തണം, സിപിഐഎം ഗുണ്ടകൾ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം’; കെ.സുധാകരൻ

December 22, 2023
Google News 1 minute Read

ജനാധിപത്യ രീതിയിൽ മുഖ്യമന്ത്രിയോട് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ ഗുണ്ടകൾ പൊലീസ് സാന്നിധ്യത്തിൽ ആക്രമിച്ചതെന്ന് കെ.സുധാകരൻ. പ്രതിരോധത്തിന്റെ ഭാഗമായാണ് എന്റെ പ്രവർത്തകർ തിരികെ രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയോട് സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലെന്ന തിട്ടൂരം പിണറായി വിജയൻ വീട്ടിൽ വെച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ അസംബ്ലി പ്രസിഡൻറ് സുഹൈൽ ആലംകോടിന്റെ വീട് സിപിഐഎം ഗുണ്ടകൾ ആക്രമിച്ചത്. പൊലീസിന്റെ സഹായത്തോടുകൂടി സുഹൈലിന്റെ വീട് ആക്രമിച്ച കൊട്ടേഷൻ ഗുണ്ടകൾ സുഹൈലിന്റെ ഒരു വയസ്സുള്ള കുഞ്ഞിനെയും ആക്രമിക്കാൻ ശ്രമിച്ചു.വീട് അടിച്ചു തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

സ്വാഭാവികമായും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതിരോധവും തിരിച്ചടിയും ഉണ്ടായി. സിപിഐഎമ്മിന്റെ കൊട്ടേഷൻ ഗുണ്ടകൾക്ക് ഞങ്ങളുടെ പ്രവർത്തകരെ ആക്രമിക്കാൻ പൊലീസ് കാവൽ വേണം .തിരികെ രക്ഷാപ്രവർത്തനം നടത്താൻ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല.

പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ് കേരളത്തിൽ ഉടനീളം സിപിഐഎം ഗുണ്ടകൾ അഴിഞ്ഞാടുന്നത്. ഇതിവിടെ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഇതിലും രൂക്ഷമായിരിക്കും. ആറ്റിങ്ങൽ ഭാഗത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്.

സമാധാനത്തിന്റെ പാതയിൽ ജനാധിപത്യ രീതിയിൽ മുന്നോട്ടു പോകണം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഗ്രഹം.ഞങ്ങളുടെ പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്ന സിപിഐഎം ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ എടുത്തേ പറ്റൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കലാപത്തിനുള്ള ആഹ്വാനം പിൻവലിച്ച് പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തി നാട്ടിൽ സമാധാനം പുലർത്തുവാനുള്ള മുഖ്യമന്ത്രിയുടെ കടമ നിർവ്വഹിക്കണമെന്ന് പിണറായി വിജയനോട് കെപിസിസി ശക്തമായി ആവശ്യപ്പെട്ടു.

Story Highlights: K Sudhakaran against Pinarayi vijayan and CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here