റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് ; തടഞ്ഞത് വാളയാറിൽ വച്ച്

റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു.
പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു. ഒരു മാസത്തിനു ശേഷമാണ് റോബിൻ ബസ് നിരത്തിലിറങ്ങുന്നത്. യാത്രക്കാരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്താണോ യാത്ര ചെയ്യുന്നതെന്ന് അറിയാനായിരുന്നു പരിശോധന. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചു. എല്ലാം നിയമപരമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.
നിയമലംഘനം ഉണ്ടായാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അടുത്ത മാസം അന്തിമ വിധിയുണ്ടാകും.
Story Highlights: Robin bus restart service from Valayar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here