കാസർഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതി; മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്
കാസർഗോഡ് മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര സംഘം നാളെ കാസർഗോഡ് എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി. കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. (Green Tribunal’s Notice to Pollution Boards on Burial of endosulfan)
2000ൽ കാസർഗോഡ് എൻഡോസൾഫാൻ നിരോധനം ഏർപ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാർ അതിർത്തിഗ്രാമമായ മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത്. എൻഡോസൾഫാൻ കുഴിച്ച് മൂടിയത് അശാസ്ത്രീയമായ നടപടിയാണെന്ന് അന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. കീടനാശിനി നിർവീര്യമാക്കാതെ കുഴിച്ചുമൂടിയാൽ അതിന്റെ ദോഷഫലങ്ങൾ പൂർണമായി ഒഴിവാക്കാൻ സാധിക്കില്ല എന്നുൾപ്പെടെയാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നത്.
എൻഡോസൾഫാൻ കുഴിച്ചുമൂടിയതിനെതിരെ 2006ലും 2014ലും കാസർഡോഡ് വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. കുഴിച്ചുമൂടിയത് മൂലം കീടനാശിനിയുടെ സാന്നിധ്യം ഭൂഗർഭജലത്തിൽ ഉൾപ്പെടെ ഉണ്ടാകുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. എന്നാൽ ഇത് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിഗദ്ധ സമിതികളുടെ അന്വേഷണത്തിൽ ഇത്തരം അപകടങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Story Highlights: Green Tribunal’s Notice to Pollution Boards on Burial of endosulfan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here