Advertisement

ഒരു വർഷത്തിനിടെ ഓല വിറ്റു തീർത്തത് 2.5 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകൾ

December 27, 2023
Google News 2 minutes Read
OLA electric scooter

ഇന്ത്യയിലെ നമ്പർ വൺ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളാണ് ഓല. ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2.5ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിൽപനയെന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ഓല. ജനുവരി ഒന്നു മുതൽ ഡിസംബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 2,52,647 സ്കൂട്ടറുകളാണ് വിറ്റത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ഇലക്ട്രിക് സ്കൂട്ടർ നിർമാണ കമ്പനി ഒരു വർഷം കൊണ്ട് 2.5 ലക്ഷം വാഹനങ്ങൾ വിൽപന നടത്തുന്നത്.

ഈ വർഷം ഇതുവരെ രാജ്യത്ത് വിറ്റത് 8,28,537 ഇലക്ട്രിക് വാഹനങ്ങളാണ്. ഇതിൽ 31 ശതമാനവും ഓലയുടേതാണ്. 1,62,399 സ്‌കൂട്ടറുകൾ വിറ്റ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 1,01,940 സ്കൂട്ടറുകൾ വിറ്റ എഥർ എനർജെക് ആണ്. അതേസമയം ഷോറൂമുകളിലൂടെയും ഓൺലൈനായും കച്ചോടം പൊടിപൊടിക്കുമ്പോഴും ഓലക്ക് പറയാനുള്ളത് നഷ്ടക്കണക്കുകളാണ്. ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 2023 സാമ്പത്തിക വർഷത്തിൽ 1,472.08 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു.

2023 സാമ്പത്തിക വർഷത്തിൽ മൊത്തം 1,56,251 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ് കമ്പനി വിറ്റത്. അതിൽ 98,199 എണ്ണം മുൻനിര മോഡലായ ഓല S1 പ്രോയാണ്. ബാക്കി മോഡലുകളെല്ലാം ചേർത്ത് 58,052 യൂണിറ്റാണ് വിൽപ്പന. കേന്ദ്ര സർക്കാറിന്റെ ഫെയിം രണ്ട് സബ്‌സിഡി കാരണം കൂടുതൽ കസ്റ്റമേഴ്‌സിനെ ലഭിച്ചതായി കമ്പനി വ്യക്തമാക്കുന്നു.

വാഹൻ പോർട്ടലിലെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പനയുടെ കണക്കുകൾ പ്രകാരം 2023 കലണ്ടർ വർഷം ഓല ഇലക്ട്രിക് 131 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 1,09,395 യൂണിറ്റായിരുന്നു ഓലയുടെ റീട്ടെയിൽ വിൽപ്പന. 2023 ജനുവരിയിൽ 18,353 യൂണിറ്റുകളായിരുന്നു ഓലയുടെ വിൽപ്പന.

‘ഒല എസ്1’ന്റെ അഞ്ച് വകഭേദങ്ങളാണ് കമ്പനി നിലവിൽ വിൽപന നടത്തുന്നത്. 2021 ഡിസംബറിലാണ് ഓല ഇലക്ട്രിക് തങ്ങളുടെ കന്നി ഉൽപ്പന്നമായ ഓല S1 പ്രോയുടെ വിതരണം ആരംഭിച്ചത്.

Story Highlights: Ola Electric sells a record 2.5 lakh e-scooters in 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here