Advertisement

ആര്‍എസ്എസിന്റെ മടയില്‍ കോണ്‍ഗ്രസിന്റെ സമരകാഹളം; എന്തുകൊണ്ട്?

December 28, 2023
3 minutes Read
Congress rally for 2024 election campaign started today from Nagpur Maharashtra

ബ്രിട്ടീഷ് ഭരണത്തിനെതിരെ സകലരേയും ഒരുകുടക്കീഴില്‍ അണിനിരത്തുന്ന ഒരു കൊളോണിയല്‍ വിരുദ്ധ മുന്നേറ്റത്തിനുമപ്പുറം, ഗാന്ധിയുടെയും നെഹ്റുവിന്റേയും സ്വാധീനത്തില്‍ ഇന്ത്യയുടെ പ്രഥമ സര്‍ക്കാര്‍ രൂപീകരിച്ച പാര്‍ട്ടിയെന്ന ചരിത്രത്തിന്റെ വേരുകള്‍ക്കപ്പുറം കോണ്‍ഗ്രസിന്റെ ഭാവിയെന്തെന്ന് ചര്‍ച്ചകള്‍ കോണ്‍ഗ്രസിന്റെ ഈ ജന്മദിനത്തിലും ഉയരുന്നുണ്ട്. 139 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും 54 വര്‍ഷം ഇന്ത്യ ഭരിച്ച പാരമ്പര്യവുമുള്ള കോണ്‍ഗ്രസ് പക്ഷേ ഇപ്പോള്‍ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണത്തില്‍ നിലപാടെടുക്കാന്‍ പോലും വിയര്‍ക്കുകയാണ്.(Congress rally for 2024 election campaign started today from Nagpur Maharashtra)

പാശ്ചാത്യ വിദ്യാഭ്യാസമുള്ള എലീറ്റ് ഹിന്ദുക്കള്‍ മുതല്‍, ദേശീയവാദികള്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും, മുസ്ലീം , ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും, ദളിതര്‍ക്കും ഇടയില്‍ രാജ്യത്ത് ഒരുപോലെ സ്വീകാര്യതയുള്ള പാര്‍ട്ടിയെന്ന സ്പേസ് കോണ്‍ഗ്രസിന് ബിജെപി ഭരണത്തിന്റെ തുടര്‍ച്ചയായ 9 വര്‍ഷങ്ങള്‍ കൊണ്ട് നഷ്ടമായെന്ന് നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. സെന്റര്‍ ലെഫ്റ്റ് മുതല്‍ വലതുപക്ഷം വരെയെത്തുന്ന പ്രത്യയശാസ്ത്രധാരയേയും നെഹ്റുവിയന്‍ മതേതരത്വം മുതല്‍ മൃദു ഹിന്ദുത്വം വരെയും നീങ്ങുന്ന രാഷ്ട്രീയ സാമ്പത്തിക ചിന്തകളേയും ഉള്‍ക്കൊള്ളുന്ന ഒരു കുടയായി നിന്നാല്‍ ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ കോണ്‍ഗ്രസിന് എതിര്‍ക്കാനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നിരിക്കിലും ബിജെപിയുടെ രാഷ്ട്രീയ ബദലാകാന്‍ രൂപീകരിച്ച ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനം വഹിക്കുന്നത് കോണ്‍ഗ്രസാണ്.

പാര്‍ട്ടിയുടെ 139-ാം ജന്മദിനത്തോട് അനുബന്ധിച്ച് 2024ലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റാലി കോണ്‍ഗ്രസ് ഇന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് ആരംഭിച്ചത്. ‘ഹാ തയ്യാര്‍ ഹം’ അഥവാ ഞങ്ങള്‍ തയാറാണെന്ന് പേരിട്ടിരിക്കുന്ന നാഗ്പൂര്‍ റാലി പേര് പോലെതന്നെ തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കരുത്താര്‍ജിച്ചെന്ന കോണ്‍ഗ്രസിന്റെ ശക്തിപ്രടകനം കൂടിയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുതലായവര്‍ നാഗ്പൂര്‍ റാലിയില്‍ പങ്കെടുക്കും. നാഗ്പൂരില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാല ഭാരത് ജോഡോ ഗ്രൗണ്ട് എന്നറിയപ്പെടുന്ന ഡിഘോരി നക പ്രദേശത്തുനിന്നാണ് റാലി ആരംഭിച്ചത്.

ഭൂമിശാസ്ത്രപരമായി വിദര്‍ഭ പ്രദേശത്തിന്റെ ഹൃദയഭാഗത്തുള്ള ,മഹാരാഷ്ട്രയുടെ രണ്ടാമത്തെ തലസ്ഥാനമായി കണക്കാക്കുന്ന നാഗ്പൂരില്‍ തന്നെ റാലി നിശ്ചയിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്തെന്ന് പലഭാഗത്തുനിന്നും ചോദ്യമുയരുന്നുണ്ട്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും നാഗ്പൂരിന് കോണ്‍ഗ്രസ് ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് തന്നെയാണ് അതിന്റെ ഉത്തരം.

സ്വാതന്ത്ര്യലബ്ദിയ്ക്ക് മുന്‍പ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസിന്റെ 1920ലെ നാഗ്പൂര്‍ സമ്മേളത്തിന്റെ ലെഗസി, നാഗ്പൂര്‍ ആര്‍എസ്എസ് തലസ്ഥാനമാണെന്ന പ്രത്യേകത, നാഗ്പൂരിന്റെ അംബേദ്കര്‍ ബന്ധം മുതലായവ നാഗ്പൂരിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ്. ഓരോന്നായി വിശദമാക്കാം.

1920 ഡിസംബറില്‍ നടന്ന കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ സമ്മേളനത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാന്‍ മഹാത്മാഗാന്ധി വ്യക്തമായ ആഹ്വാനം നല്‍കുന്നത്. 350 അംഗങ്ങളെ തെരഞ്ഞെടുത്ത് എഐസിസിയെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതും നാഗ്പൂര്‍ സമ്മേളനത്തിലായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള നിസ്സഹകരണമെന്ന പ്രഖ്യാനത്തിലൂടെ ഗാന്ധി കോണ്‍ഗ്രസിന്റെ പരമോന്നത നേതാവായി ഉയര്‍ന്നുവന്നു. മഹാത്മാഗാന്ധി, മുഹമ്മദ് അലി ജിന്ന, മോത്തിലാല്‍ നെഹ്‌റു, മദന്‍ മോഹന്‍ മാളവ്യ, സര്‍ദാര്‍ പട്ടേല്‍, സി ആര്‍ ദാസ്, ലാലാ ലജ്പത് റായ്, ബിപിന്‍ചന്ദ്ര പാല്‍ മുതലായവര്‍ ഒരുമിച്ചിരുന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ നാഗ്പൂര്‍ സമ്മേളനത്തില്‍ സംവാദങ്ങള്‍ നടത്തി.

സ്വാതന്ത്ര്യാനനന്തരം 1959ല്‍ നടന്ന നാഗ്പൂര്‍ സമ്മേളനവും കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറെ പ്രസക്തമാണ്. അന്നത്തെ സമ്മേളനം എഐസിസിസി അധ്യക്ഷയായി ഇന്ധിരാ ഗാന്ധിയെ തെരഞ്ഞെടുത്തു. അന്ന് മുന്‍ എഐസിസി അധ്യക്ഷന്‍ യു എന്‍ ഖേബര്‍ തന്നെയാണ് ഇന്ധിരയുടെ പേര്‍ നിര്‍ദേശിച്ചത്.

നാഗ്പൂര്‍ അന്നൊക്കെ കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണന്‍ ഇന്ദിരയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ… എന്ന പേരില്‍ പ്രക്ഷോഭം നടത്തിയ കാലത്തുപോലും നാഗ്പൂരില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയിരുന്നു. 1980 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വെറും മൂന്ന് തവണ മാത്രമാണ് നാഗ്പൂരില്‍ ബിജെപിക്ക് വിജയമുണ്ടായത്. 1996ലും 2014ലും 2019ലും നടന്ന തെരഞ്ഞെടുപ്പുകളിലൊഴികെ മറ്റെല്ലാ തവണയും കോണ്‍ഗ്രസ് തന്നെ നാഗ്പൂര്‍ കൈപ്പത്തിയില്‍ ഒതുക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ സെന്റര്‍ ലെഫ്റ്റ് രാഷ്ട്രീയത്തിന് ഇന്ത്യയിലെ പ്രധാന എതിരാളി ആര്‍എസ്എസിന്റെ തീവ്രവലത് രാഷ്ട്രീയമാണ്. ആര്‍എസ്എസ് രൂപംകൊണ്ടത് നാഗ്പൂരിലാണ്. 1925ലാണ് കേശവ് ബലിറാം ഹെഡ്ഗേവാര്‍ നാഗ്പൂരില്‍ ആര്‍എസ്എസ് സ്ഥാപിക്കുന്നത്. നാഗ്പൂരില്‍ നിന്നുള്ള ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആര്‍എസ്എസിനെ ബിജെപിയുടെ ശക്തികേന്ദ്രം എന്നാണ് വിശേഷിപ്പിക്കുന്നത്. ബിജെപിയുടെ പ്രത്യയശാസ്ത്ര അടിത്തറ ആര്‍എസ്എസ് ആണ്. ആര്‍എസ്എസില്‍ നിന്നും ഇന്ത്യയെന്ന ആശയത്തേയും ഭരണഘടനാ മൂല്യങ്ങളേയും സംരക്ഷിക്കുമെന്നാണ് വരുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ഡോ ബി ആര്‍ അംബേദ്കറിന്റെ ജീവിതത്തിനും നാഗ്പൂരുമായി ഒരു വലിയ ബന്ധമുണ്ട്. ജാതി ഉന്മൂലനത്തിന്റെ ശക്തമായ സന്ദേശമുയര്‍ത്തി ലക്ഷക്കണക്കിന് അനുയായികള്‍ക്കൊപ്പം അംബേദ്കര്‍ ബുദ്ധമതം സ്വീകരിക്കുന്നത് നാഗ്പൂരില്‍ വച്ചാണ്. 1956 ഒക്ടോബര്‍ 14നാണ് അത് സംഭവിക്കുന്നത്. ഈ സ്ഥലം ഇപ്പോഴും അംബേദ്കറിന്റെ ദീക്ഷഭൂമിയായാണ് അറിയപ്പെടുന്നത്. ആര്‍എസ്എസിന്റേയും ഭരണാഘടനാ ശില്‍പ്പിയായ അംബേദകറിന്റേയും പ്രത്യയശാസ്ത്രങ്ങള്‍ പ്രതിധ്വനിക്കുന്ന മണ്ണാണ് നാഗ്പൂരിലേത്. നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നുവെന്ന് ശക്തമായ ആരോപണമുയര്‍ത്തി അംബേദ്കറുടെ ദീക്ഷഭൂമിയില്‍ നിന്ന് റാലി ആരംഭിക്കുന്നതുവഴി അംബേദ്കറിന്റെ ആശയങ്ങളുടെ പൈതൃകവും തങ്ങളുടേത് ആക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരിക്കാം.

Read Also : ആര്‍എസ്എസിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്കൂൾ സിലബസുകളിലൂടെ ഒളിച്ചുകടത്തുന്നു; എൻസിഇആർടി പാഠപുസ്തകങ്ങളിലെ തിരുത്തലിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍, അഴിമതി, ഭരണഘടനാ വിരുദ്ധത മുതലായ പ്രശ്നങ്ങളാകും കോണ്‍ഗ്രസ് നാഗ്പൂര്‍ റാലിയിലൂടെ ചൂണ്ടിക്കാട്ടുക. ഭാരത് ന്യായ് യാത്രയെന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്രയെ നാഗ്പൂര്‍ റാലിയിലൂടെ ബൂസ്റ്റ് ചെയ്യാനാകുമെന്ന വിശ്വാസവും കോണ്‍ഗ്രസിനുണ്ട്.

ഉത്തര്‍പ്രദേശിലെ 80 സീറ്റുകള്‍ കഴിഞ്ഞാല്‍ 48 സീറ്റുകളുള്ള മഹാരാഷ്ട്ര ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഭൂപ്രദേശമാണ്. 1999ന് ശേഷം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഭാഗ്യം കുറഞ്ഞുവരികയാണ്. 1999ലാണ് മഹാരാഷ്ട്രയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയെ വളര്‍ത്തുന്നത്. മഹാരാഷ്ട്രയിലെ 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് 54 സീറ്റുകള്‍ മാത്രമാണ്.

Read Also : ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം; മോഹന്‍ ഭാഗവത്

രാജ്യത്തിന്റെ ഒത്തനടുവിലുള്ള ഒരു പ്രധാന നഗരമെന്ന നിലയില്‍ രാജ്യതലസ്ഥാനത്തോളം തന്നെ പ്രാധാന്യം നാഗ്പൂരിനുണ്ട്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രഭവകേന്ദ്രം അവിടെയാണെന്നതും നാഗ്പൂരിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇനി ബ്രിട്ടീഷുകാരോട് നിസ്സഹകരിക്കണമെന്നും അതിനായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചത് നാഗ്പൂരില്‍ വച്ചാണ്. അതായത് ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളുടെ സംഘട്ടന ഭൂമികൂടിയാണ് നാഗ്പൂര്‍. കോണ്‍ഗ്രസ് നാഗ്പൂരില്‍ റാലി നടത്തുന്നതോടെ ഈ സംഘട്ടനം കൂടുതല്‍ മൂര്‍ച്ചയുള്ളതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: Congress rally for 2024 election campaign started today from Nagpur Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top