ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം ജില്ലാ സെക്രട്ടറി; വി ഡി സതീശൻ

ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം ജില്ലാ സെക്രട്ടറിഎന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഹരിഹരൻ്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു ഡിഎഫും, ആർ എം പിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്.
‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഐഎം ജില്ലാസെക്രട്ടറി പി മോഹനൻ്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്. അതുകൊണ്ടു തന്നെ ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. തെങ്ങിൻ പൂക്കുല പോലെ ടി പി ചന്ദ്രശേഖരൻ്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഐഎം. അതേ മാതൃകയിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സിപിഐഎം ഇനിയും ശ്രമിക്കേണ്ട.
ആർ എം പിയുടെ ഉദയത്തോടെ വടകരയിൽ സി പി എമ്മിൻ്റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടി പിയെ പോലെ ആർ എം പിയെയും ഇല്ലാതാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യു ഡി എഫ് പ്രതിരോധിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights : V D Satheeshan Against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here