വിശ്വാസത്തിന് എതിരാകാത്ത ഏത് ആഘോഷങ്ങളിലും വിശ്വാസികൾക്ക് പങ്കെടുക്കാം, എന്നാൽ ഇതരമതവിശ്വാസം ഉൾക്കൊള്ളരുത്; എം.ടി അബ്ദുള്ള മുസ്ലിയാർ

ക്രിസ്മസ് കേക്ക് വിവാദത്തിൽ പ്രതികരണവുമായി എം.ടി അബ്ദുള്ള മുസ്ലിയാർ രംഗത്ത്. മതവിശ്വാസത്തിന് എതിരാകാത്ത ഏത് ആഘോഷങ്ങളിലും വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും ഇതര മതവിശ്വാസം ഉൾക്കൊണ്ട് ആഘോഷത്തിൽ പങ്കെടുക്കാൻ പാടില്ലെന്നും എം ടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ല. രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തയ്ക്ക് അഭിപ്രായമില്ല. സമസ്തയ്ക്ക് ഏതായാലും രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമില്ല. രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, തള്ളാം. അതെല്ലാം അവരുടെ നയത്തിന്റെ ഭാഗമാണ്. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടത്, അല്ലാതെ പത്രമല്ല. അയോധ്യയിൽ മാത്രമല്ല, ആര് എവിടെ പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തിൽ വരുന്നത് സമസ്തയുടെ നിലപാട് അല്ലെന്ന് വിശദീകരിച്ച് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടി അയോധ്യയിലെ ഉദ്ഘാടനത്തിൽ പങ്കെടുത്താൽ തങ്ങളുടെ വിശ്വാസമൊന്നും വ്രണപ്പെടില്ല. സി.ഐ.സി ഐക്യ ചർച്ചകൾ നടക്കുന്നുണ്ട്. തീരുമാനം ഉടൻ ഉണ്ടാകും. AP സമസ്തയുടെ സമ്മേളനത്തിൽ വിയോജിപ്പ് ഉണ്ട്. തങ്ങളാണ് സമ്മേളനം നടത്തേണ്ടത്. പിന്നെ ജനാധിപത്യ രാജ്യത്ത് ആർക്കും സമ്മേളനം നടത്താനുള്ള അവകാശമുണ്ട്. സുന്നി ഐക്യം വലിയ കാര്യമാണ്. അതിന് കുറെ മാനദണ്ഡങ്ങൾ ഉണ്ട്. തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമർശനമായിരുന്നു സുപ്രഭാതം പത്രത്തിന്റെ എഡിറ്റോറിയലിൽ വന്നത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്. എന്നാൽ പത്രത്തിൽ വരുന്നത് സമസ്തയുടെ നിലപാട് അല്ലെന്ന് വിശദീകരിക്കുകയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്നാണ് സുപ്രഭാതത്തിലെ ലേഖനത്തിൽ പറയുന്നത്. രാജ്യത്തെ മത വൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാൻ ഉള്ള ജാഗ്രത കോൺഗ്രസ് കാട്ടണം. അല്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്നായിരുന്നു അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം. ചടങ്ങിൽ ക്ഷണം നിരസിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. എന്നാൽ പങ്കെടുക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനോടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here