ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കെഎസ്ആർടിസിയിലും കൂട്ട സ്ഥലംമാറ്റം

ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കെഎസ്ആർടിസിയിലും കൂട്ട സ്ഥലംമാറ്റം. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ ജീവനക്കാർ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ട് സിഎംഡി ബിജു പ്രഭാകറാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് 24 ന് ലഭിച്ചു.
മെക്കാനിക്കൽ വിഭാഗത്തിൽ 28 പേർക്കും കണ്ടക്ടർ വിഭാഗത്തിൽ 41 പേർക്കും ഡ്രൈവർ വിഭാഗത്തിൽ 47 പേർക്കുമാണ് ട്രാൻസ്ഫർ ലഭിച്ചത്. നേരത്തെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചിരുന്നു.
പുതിയ മന്ത്രി വരും മുമ്പേ മോട്ടോർ വാഹന വകുപ്പിലും കൂട്ട സ്ഥലം മാറ്റ ഉത്തരവ് വന്നിരുന്നു. 57 പേർക്കാണ് സ്ഥലം മാറ്റ ഉത്തരവ് നൽകിയിരുന്നത്. ഇതിനൊപ്പം 18 ആർ.ടി.ഒമാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നൽകിയിരുന്നു. ആന്റണി രാജു രാജിവച്ച് കെ.ബി ഗണേഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് മുമ്പാണ് സ്ഥലം മാറ്റ ഓർഡർ പുറത്തിറങ്ങിയത്. എന്നാൽ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ഉത്തരവ് മരവിപ്പിച്ചിരുന്നു.
മന്ത്രി കെ.ബി ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂർ മുമ്പാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് ശനിയാഴ്ച രാവിലെയോടെ നിർദേശം നൽകി. ഉത്തരവ് പിൻവലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിർദേശം നൽകിയത്. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയിലും കൂട്ട സ്ഥലംമാറ്റം വരുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here