സിഗരറ്റ് ചാരം വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി; 33-ാം നിലയിൽ നിന്ന് വീണ് 27 കാരൻ മരിച്ചു

ബംഗളൂരുവിൽ 27 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അപ്പാർട്ട്‌മെന്റിന്റെ 33-ാം നിലയിൽ നിന്ന് വീണ് മരിച്ചു. സിഗരറ്റിന്റെ ചാരം ബാൽക്കണിക്ക് പുറത്ത് എറിയുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കിഴക്കന്‍ ബംഗളൂരുവില്‍ കെ.ആര്‍ പുരയ്ക്ക് സമീപം ഭട്ടരഹള്ളിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ദിവ്യാൻഷു ശർമ്മയാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച ഫീനിക്സ് മാളിൽ സിനിമയ്ക്ക് പോകാൻ യുവാവ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
തീയറ്ററിൽ എത്താൻ വൈകിയതിനാൽ ഇന്ദിരാനഗറിലെ ഒരു പബ്ബിൽ പോകാൻ സംഘം തീരുമാനിച്ചു. ശേഷം പുലർച്ചെ 2.30 ഓടെ ഭട്ടരഹള്ളി ഏരിയയിലെ അപ്പാർട്ട്മെന്റിൽ മടങ്ങിയെത്തി. ഫ്ലാറ്റിലും ആഘോഷം നടന്നു. രാവിലെ സിഗരറ്റിന്റെ ചാരം ബാൽക്കണിക്ക് പുറത്ത് എറിയുന്നതിനിടെ കാല്‍ വഴുതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
രാവിലെ തന്നെ സൊസൈറ്റി അംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞ് കമ്മ്യൂണിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് ദിവ്യാൻഷു. പിതാവ് വിരമിച്ച ഇന്ത്യൻ എയർഫോഴ്‌സ് ജീവനക്കാരനാണ്. ബെംഗളൂരുവിലെ ഹൊറമാവുവിലാണ് ശർമ താമസിക്കുന്നത്. മരണകാരണം സ്ഥിരീകരിക്കാൻ പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
Story Highlights: Techie dies after falling from 33rd floor post full-night party in Bengaluru: Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here