Advertisement

ശബരിമലയിൽ നിയന്ത്രണം; പത്താം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല, 14 ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരം

January 2, 2024
Google News 2 minutes Read
Restrictions were imposed on Sabarimala

ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പത്താം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. 14ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരമാക്കി. മകരവിളക്ക് ദിനമായ 15 ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി നാല്പതിനായിരമാക്കി കുറച്ചു. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാനാണ് തീരുമാനം.

ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ജനുവരി 10-ാം തീയതി മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന ഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും സാരമായി ബാധിക്കും.

ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതമായി ദർശനം ഒരുക്കുന്നതിലേക്കായി 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. 14-ാം തീയതി വെർച്വൽ ക്യാബുക്കിംഗ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക്  വെർച്വൽ ക്യൂബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വ ബോർഡ് വ്യക്തമാക്കി.

Story Highlights: Restrictions were imposed on Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here