വണ്ടിപ്പെരിയാര്‍ കേസ്: പ്രതിയെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രതി അര്‍ജുനിന് നോട്ടീസ് അയച്ച കോടതി ഹര്‍ജി ഈ മാസം 29ന് പരിഗണിക്കാന്‍ മാറ്റി.
പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ അപ്പീല്‍ വ്യക്തമാക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് വിചാരണ കോടതി കേസില്‍ വിധി പറഞ്ഞത്.
2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ പൊലീസ് പിടിയിലാകുന്നത്.
2021 സെപ്റ്റംബര്‍ 21 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരുന്നത്. കേസില്‍ 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളുമാണ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്.
പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Story Highlights: HC admits appeal against acquittal in Vandiperiyar child rape and murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here