‘എനിക്ക് ചിരി വന്നു’; ഇന്ത്യൻ ടീമിനെതിരായ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ വിമർശനത്തോട് ആർ അശ്വിൻ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റെ വിമർശനങ്ങൾക്കെതിരെ ഇന്ത്യയുടെ സ്റ്റാർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയുടെ ടെസ്റ്റ് ടീം ഏറ്റവും മികച്ചതാണ്. വോണിന്റെ വിമർശനത്തിന് പിന്നാലെ രാജ്യത്തെ നിരവധി വിദഗ്ധർ ഇന്ത്യ ഒരു നേട്ടം കൈവരിക്കാത്ത ടീമാണോ എന്ന് ചോദ്യം ചെയ്യാൻ തുടങ്ങി. ഇത് കേട്ടപ്പോൾ തനിക്ക് ചിരി വന്നുവെന്നും അശ്വിൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ മൈക്കൽ വോൺ വിമർശിച്ചിരുന്നു. പ്രതിഭാധനരായ താരങ്ങൾ ഉണ്ടായിട്ടും ഇന്ത്യ മികച്ച പ്രകടനം നടത്തുന്നില്ലെന്നായിരുന്നു വിമർശനം. ‘ഇന്ത്യയുടെ പ്രകടനം പ്രശംസനീയമല്ല. കാരണം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു ഗ്ലോബൽ ട്രോഫി പോലും ടീം നേടിയിട്ടില്ല. ഇന്ത്യ അവസാനമായി ഒരു കപ്പടിച്ചത് എന്നാണ്? പ്രതിഭാധനരായ താരങ്ങൾ ഉണ്ടായിട്ടും അണ്ടർ അച്ചീവിംഗ് ടീമായി ഇന്ത്യ മാറി’ – ഫോക്സ് സ്പോർട്സ് പരിപാടിക്കിടെ വോൺ പറഞ്ഞു.
തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഐസിസി ഇവന്റുകളിൽ ഇന്ത്യ വിജം ആവർത്തിച്ചിട്ടില്ലെന്ന് സമ്മതിച്ച അശ്വിൻ, ഇന്ത്യൻ ടെസ്റ്റ് ടീം മികച്ച ടീമുകളിൽ ഒന്നാണെന്ന് അവകാശപ്പെട്ടു. ‘ഇന്ത്യ അണ്ടർ അച്ചീവ് ടീമാണെന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം മൈക്കൽ വോൺ പ്രസ്താവന നടത്തിയിരുന്നു. ശരിയാണ്, വർഷങ്ങളായി ഞങ്ങൾ ഐസിസി ട്രോഫികൾ നേടിയിട്ടില്ല’- അശ്വിൻ പറഞ്ഞു.
‘വോൺ അങ്ങനെ പറഞ്ഞതിന് ശേഷം, നമ്മുടെ സ്വന്തം രാജ്യത്ത് നിന്നുള്ള നിരവധി വിദഗ്ധർ ഇന്ത്യ ഒരു അണ്ടർ അച്ചീവ് ടീമാണോ എന്ന് ചോദ്യം ചെയ്യാൻ തുടങ്ങി. സത്യം പറഞ്ഞാൽ, അത് എന്നെ ചിരിപ്പിച്ചു. നിങ്ങൾ തന്നെ ഒന്ന് ആലോചിക്കൂ, സാഹചര്യം നേരെ മറിച്ചായിരുന്നെങ്കിലോ? സെഞ്ചൂറിയൻ ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ 65ന് ഓൾഔട്ടാകാൻ സാധ്യതയില്ലേ? ഇന്ത്യ പോലും 20/3 എന്ന നിലയിൽ പതറി. വിരാടിന്റെയും ശ്രേയസിന്റെയും കൂട്ടുകെട്ടാണ് നമ്മളെ രക്ഷിച്ചത്’-അശ്വിൻ കൂട്ടിച്ചേർത്തു.
Story Highlights: Ashwin’s strong reply to ex-England star’s assessment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here