Advertisement

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

January 8, 2024
Google News 2 minutes Read
NITI Aayog appreciates Kerala's progress in the field of AYUSH

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്.

ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് നടത്തിയത്. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ആയുഷ് സേവനങ്ങള്‍ക്കായുള്ള ഒ.പി. വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. ദിവസേന ആയുഷ് ഒ.പി. വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ഈ രംഗത്തെ സ്വീകാര്യതയും മുന്‍ഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ കേരളം മികവ് പുലര്‍ത്തുന്നതായി നീതി ആയോഗ് സംഘം അഭിപ്രായപ്പെട്ടു. ഒരു ക്യാമ്പില്‍ ഏകദേശം 600 പേര്‍വരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്.

ആയുഷ് മെഡിക്കല്‍ സേവനങ്ങളോടുള്ള ജനങ്ങളുടെ പൊതു മുന്‍ഗണനയിലും കേരളം ഒന്നാമതാണ്. സംസ്ഥാനത്ത് ആയുഷ് മേഖലയില്‍ കൈവരിച്ച സുപ്രധാന പുരോഗതിയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളത്തില്‍ മുഴുവന്‍ സമയ യോഗ പരിശീലകരുടെ ലഭ്യത ഉറപ്പാക്കിയതിനെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗയ്ക്കായി പരിശീലകരുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല ഗുണഭോക്താക്കളുടെ എണ്ണവും യോഗ സെഷനുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ആയുഷ് വെല്‍നെസ് സെന്ററുകളിലെ ശുചിത്വമുള്ള ശുചിമുറികളും മികച്ച നിലവാരം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights: NITI Aayog appreciates Kerala’s progress in the field of AYUSH

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here