Advertisement

തലസ്ഥാന നഗരി വാഴാൻ ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ; മുകളിൽ 35 സീറ്റ്, താഴെ 30; അഞ്ച് ക്യാമറകൾ, ടിവി, മ്യൂസിക് സിസ്റ്റം, സ്റ്റോപ്പ് ബട്ടൺ

January 9, 2024
Google News 1 minute Read

നഗര കാഴ്ചകൾ കാണാൻ തലസ്ഥാനത്ത് ഇനി ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസും. ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളാണുള്ളത്. ജനുവരി അവസാനത്തോടെ ബസ് നിരത്തിലോടിത്തുടങ്ങും. നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന്റെ അതേ നിറമാണ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസിനും നൽകിയിരിക്കുന്നത്. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറും ബസിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തെ പ്രധാന ആരാധനാലയങ്ങളായ പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം പള്ളി എന്നിവയും പ്രധാന ടൂറസ്റ്റ് കേന്ദ്രങ്ങളായ മ്യൂസിയം, കോവളം, ശംഖുമുഖം എന്നീ സ്ഥലങ്ങളുടെ ചിത്രങ്ങളും ബസിൽ വരച്ചിട്ടുണ്ട്.ബസിന് മുകളിൽ 35 സീറ്റും താഴെ 30 സീറ്റുകളുമടക്കം ആകെ 65 സീറ്റുകളാണ് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിലുള്ളത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അഞ്ച് കാമറകളും ടിവിയും എൽഇഡി ഡിസ്‌പ്ലേ, മ്യൂസിക് സിസ്റ്റം, സ്റ്റോപ്പ് ബട്ടൺ എന്നീ സംവിധാനങ്ങൾ ബസിലുണ്ട്. ഇറങ്ങേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ എൽഇഡി ഡിസ്‌പ്ലേയിൽ തെളിയും. യാത്രക്കാർക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോൾ അവരുടെ സീറ്റിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് ബട്ടൺ ഞെക്കിയാൽ മതിയാവും. ഇപ്പോൾ ആളുകൾ ഇറങ്ങാനുണ്ട് എന്ന സന്ദേശം ഡ്രൈവറിന് ലഭിക്കും.

രണ്ട് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസുകൾക്കാണ് കെഎസ്ആർടിസി ഓർഡർ നൽകിയത്. ഇതിൽ ഒരു ബസാണ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിച്ചത്. കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമാണ് ബസ് വാങ്ങിയത്. മുംബൈയിലെ സ്വിച്ച് മൊബിലിറ്റിയിൽനിന്ന് വാങ്ങിയ ബസ് റോഡ് മാർഗമാണ് തിരുവനന്തപുരത്തെത്തിച്ചത്.

9.8 മീറ്റർ നീളമുള്ള ബസിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്റർ ആണ്. ബസിന് രണ്ട് ചാർജറുകളാണുള്ളത്. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 180 കിലോ മീറ്റർ മുതൽ 240 കിലോമീറ്റർ വരെ ഇതിന് സഞ്ചരിക്കാൻ സാധിക്കും. ബസ് പൂർണമായും ചാർജ് ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കും. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗതയുണ്ടെങ്കിലും ഇപ്പോൾ 60 കിലോമീറ്റർ വേഗതയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.

1.90 കോടി രൂപയാണ് ഒരു ബസിന്റെ വില.തിരുവനന്തപുരം നഗരത്തിൽ നിലവിൽ സാധാരണ ഡബിൾ ഡക്കർ ബസ് നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. ഇതിൽ സഞ്ചാരികളുടെ തിരക്കാണ്. മുംബൈയ്ക് ശേഷം തിരുവനന്തപുരം നഗരത്തിന് മാത്രമാണിത്തരമൊരു ബസ്. ഇനിയൊരെണ്ണം കൂടി ഇതുപോലെ വരാനുണ്ട്. ഇതുവരെയും ഈ ബസ് ഓടിത്തുടങ്ങിയിട്ടില്ല. ഓടി തുടങ്ങിയാൽ നഗര കാഴ്ചകൾ കാണാൻ ഇതിലും പറ്റിയൊരു ഓപ്ഷനില്ല.

Story Highlights: Electric Open Double Decker Bus in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here