രാഹുൽമാങ്കൂട്ടത്തിലിന് വീണ്ടും വൈദ്യപരിശോധന; പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കും

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും വൈദ്യ പരിശോധന നടത്താൻ കോടതി നിർദേശം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.
പരിശോധന ഫലം ജാമ്യപേക്ഷയിൽ നിർണായകമാകും. തിരുവനന്തപുരം ജനറൽ ആശുപചത്രിയിലാണ് വൈദ്യ പരിശോധന നടത്തുന്നത്. പ്രതിഷേധ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുലിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ പൊലീസ് പറഞ്ഞു. സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ പറഞ്ഞു. രാഹുലിന് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. സെക്രട്ടറിയേറ്റ മാർച്ചിലെ സംഘർഷത്തിൽ നാലാം പ്രതിയാണ് രാഹുൽ. അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്.
Story Highlights: Rahul Mamkootathil Medical examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here