കൈവെട്ടിയ പ്രതികളുടെ ചിരിയും ടി ജെ ജോസഫിന്റെ ജീവിതവും

മനസാക്ഷിയുള്ള ഒരു മലയാളിയും മറക്കില്ല അവർ ചിരിക്കുന്ന ചിത്രം. ചെയ്ത കൃത്യത്തെ ഓർത്ത് മുഖത്ത് അതീവ സംതൃപ്തിയുടെ നിറഞ്ഞ ചിരിയാണ് അവർ 6 പേരുടെയും മുഖത്ത് വിരിഞ്ഞ് ചരിത്രത്തിൽ പതിഞ്ഞത്. പൂവത്തൂർ പരുത്തിക്കാട്ടുകുടി ജാഫർ, എരമം അയ്യരുകുടി സജീർ, കറുമാട്ടുകുടി മുഹമ്മദ് ഷോബിൻ, കുഴിക്കോട്ടിൽ കെ കെ അലി, വെള്ളിലാവുങ്കൽ യൂനസ് അലിയാർ, നെട്ടൂർ മദ്രസപ്പറമ്പിൽ എംഎം റിയാസ് എന്നിവരായിരുന്നു ആ ആറുപേർ. തൊടുപുഴ ന്യൂമാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികൾ. 2015 മെയ് 8ന് എട്ടുവർഷംകോടതി തടവിന് ശിക്ഷിച്ച അവർ കോടതിമുറിയിൽ നിന്ന് ഇറങ്ങിവന്ന ദൃശ്യമായിരുന്നു കേരളം കണ്ടത്. ആ ചിരിക്കൂട്ടത്തിൽ അന്ന് പെടാതിരുന്ന ഏഴാമൻ ഇന്ന് പിടിയിലായിരിക്കുകയാണ്. മഴു കൊണ്ട് കൈ വെട്ടിയ സവാദ്.
വർഷം 2010 ജൂലൈ നാല്. വിവാദ ചോദ്യപ്പേപ്പർ വിഷയത്തിൽ പത്ര, ദൃശ്യ, മാധ്യമ വാർത്തകൾ കണ്ട് നാടുണരുന്ന ദിവസങ്ങൾ. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന സത്യം മനസിലാക്കിയാണ് അന്ന് ടി ജെ ജോസഫും തൊടുപുഴയിലെ വീട്ടിൽ ഉറക്കമുണരുന്നത്. പുറത്ത് അത്യാവശ്യം മഴ കനക്കുന്നു. ദിവസങ്ങൾക്ക് മുൻപ് കൈവിട്ടുപോയ സ്വസ്ഥത എന്നേക്കുമായി പോകരുതേയെന്ന ആഗ്രഹത്താൽ കൂടി, എവിടെ നിന്നോ കടമെടുത്ത ആത്മവിശ്വാസവും പേറി അന്ന് ജോസഫും പള്ളിയിൽ പോകാൻ തയ്യാറായി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമലമാതാ പള്ളിയിലേക്കിറങ്ങുമ്പോൾ, ഭാര്യ സലോമി അടുക്കളയിൽ പ്രാതൽ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. സമയം കടന്നുപോയി…. മഴ തോരുന്നു…ഭർത്താവും മറ്റുള്ളവരും പ്രാർത്ഥന കഴിഞ്ഞ് തിരിച്ചുവരുന്നതും പ്രതീക്ഷിച്ചിരുന്നു സലോനിയും മക്കൾ മിഥുനും ആമിയും. പ്രതീക്ഷിച്ചതുപോലെ തന്നെ തിരിച്ചുവന്നു. പക്ഷേ പാതിജീവനറ്റ, ശരീരമാസകലം മാംസവും രക്തവും ഇടകലർന്ന മുറിവുകളും, അറ്റുപോയ കൈപ്പത്തിയുമായി കിടന്ന ടിജെ ജോസഫിനെ കണ്ട് സലോമി അലറിവിളിച്ചു… വിവാദമായ ചോദ്യം പരീക്ഷയ്ക്കിട്ടുകൊടുത്ത ആ അധ്യാപകൻ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല ഒരു ചോദ്യത്തിലൂടെ തന്റെ ജീവനും ജീവിതവും കൊടുക്കേണ്ടിവരുമെന്ന്…
പിറ്റേന്ന് വിവാദ ചോദ്യപ്പേപ്പർ കേസിന്റെ മുഖം അപ്പാടെ മാറിയാണ് മാധ്യമങ്ങൾ പ്രഭാതം തൊട്ടത്. ന്യൂമാൻ കോളജിലെ അധ്യാപകന് വെട്ടേറ്റു, പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി..അങ്ങനെയങ്ങനെ വാർത്തകൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. കേരളം കത്തിപ്പടരുന്ന വാർത്താദിനങ്ങളായി പിന്നീടുള്ള ദിവസങ്ങൾ.
2010മാർച്ച് 23. കടുത്ത മീനച്ചൂടിനിടെ ന്യൂമാൻ കോളജിൽ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ എക്‌സാം നടക്കുകയാണ്. വിദ്യാർത്ഥികൾ പരീക്ഷാ തയ്യാറെടുപ്പുകളോടെ ക്ലാസ്മുറിയിലെത്തി. എല്ലാ ഒരുക്കങ്ങളും പൂർണം. അധ്യാപകർ ചോദ്യപ്പേപ്പർ വിതരണംചെയ്തു. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ 11ാം നമ്പർ ചോദ്യം വർഷങ്ങൾ നീണ്ടുനിൽക്കുന്ന സംഭവ വികാസങ്ങൾക്ക് അവിടംവച്ച് തുടക്കമിടുകയായിരുന്നു. പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നുള്ള ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായിരുന്നു ആ ചോദ്യം. പിന്നാലെ ഒരു പത്രത്തിൽ വന്ന വാർത്തയോടെ അത് വിവാദമായി, പ്രതിഷേധമായി, ചർച്ചകളായി..ടി ജെ ജോസഫ് പ്രവാചകനെ അവഹേളിച്ചെന്നായിരുന്നു വിവാദം. വിഷയം തങ്ങളുടെ കൈയിൽ നിൽക്കില്ലെന്ന് മനസിലാക്കിയ ന്യൂമാൻ കോളജ് അധികൃതർ പരസ്യമായി മാപ്പു പറഞ്ഞു. ടി ജെ ജോസഫിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. മതനിന്ദാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ടി ജെ ജോസഫ് ഒളിവിൽ പോയി. പ്രൊഫസറെ കിട്ടാതെ വന്നതോടെ 22കാരനായ മകൻ മിഥുനെ സ്വമേധയാ കസ്റ്റഡിയിലെടുത്തു പൊലീസ്. നാടുമുഴുവൻ തനിക്കും കുടുംബത്തിനുമെതിരെ തിരിഞ്ഞതോടെ മറ്റൊരു വഴിയുമില്ലെന്ന് തിരിച്ചറിഞ്ഞ ജോസഫ് ആറ് ദിവസങ്ങൾക്ക് ശേഷം പൊലീസിന് മുന്നിൽ കീഴടങ്ങി. അറസ്റ്റിലായി.
ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി. ഒമ്പതും പതിനൊന്നും പന്ത്രണ്ടും പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ്, എന്നിവർക്ക് മൂന്ന് വർഷം വീതം തടവും വിധിച്ചു. 2024 ജനുവരി 10ന് പിടിയിലായത് കേസിലെ ഒന്നാം പ്രതി സവാദ്.
അറ്റുപോയ കൈപ്പത്തിയെക്കാൾ ചർച്ചയായി ടി ജെ ജോസഫിന്റെ വീട്ടിലെ സംഭവങ്ങൾ. ജോലി പോയതോടെ സാമ്പത്തികമായി തകർന്നു കുടുംബം. മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ, ലോൺ, ആശുപത്രിചിലവുകൾ, വീട്ടുചിലവ് എല്ലാം കൂടി താങ്ങാനാകാതെ വന്നതോടെ സലോമി കടുത്ത മാനസിക വിഷമത്തിലായി. കുടുംബാന്തരീക്ഷം ഇരുട്ടിലായതോടെ കാര്യങ്ങൾ കൈവിട്ടുപോയിത്തുടങ്ങി. സലോമി വിഷാദത്തിലേക്ക് കടന്നു. ഒടുവിൽ ഒന്നിനെയും അതിജീവിക്കാൻ കഴിയാതെ വന്നതോടെ 2014 മാർച്ചിൽ സലോമി ആത്മഹത്യ ചെയ്തു. വിവാദവും വിദ്വേഷവും സഹതാപ തരംഗമായി മാറുകയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. ഒടുവിൽ വിരമിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ ടി ജെ ജോസഫ് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹനെന്ന് കോളജ് അധികൃതർ അറിയിച്ചു. അത് തെല്ലൊരാശ്വാസമായി കാണണം.
ഭാര്യയുടെ വിയോഗവും കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയുമെല്ലാമാതായതോടെ മറ്റൊരു ജീവിതത്തിലേക്ക് യഥാർത്ഥത്തിൽ പറിച്ചുനടപ്പെട്ടു ടി ജെ ജോസഫ്. തന്റെ ഇടതു കൈകൊണ്ടെഴുതിയ അറ്റുപോകാത്ത ഓർമകൾ എന്ന ആത്മകഥയിലൂടെയാണ് ടിജെ ജോസഫ് ആ വിവാദ സംഭവങ്ങളും പിന്നീടുള്ള ജീവിതവുമെല്ലാം വിവരിച്ചത്. ‘എന്നെപ്പോലെ തന്നെ എന്ന ഉപദ്രവിച്ചവരും ഇരകളാണ്. അവരുടെ മുറിവുകൾ ഉണങ്ങട്ടെ’ … സവാദിനെ പിടികൂടുന്നതിന് മുൻപ് ആറ് പ്രതികളെ കോടതി എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ ടി ജെ ജോസഫിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇരയ്ക്ക് നീതി കിട്ടിയെന്ന വിശ്വാസം തനിക്കില്ലെന്നും ടി ജെ ജോസഫ് പറഞ്ഞു. ഇന്ന് സവാദ് പിടിയിലാകുമ്പോൾ ജോസഫ് പറയുന്നു. ,സവാദിനെ കണ്ടാൽ, തനിക്ക് തിരിച്ചറിയാം, പക്ഷേ അയാളല്ല യഥാർത്ഥ പ്രതി, സവാദൊരു ആയുധം മാത്രമാണെന്ന്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here