‘കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണം; രാഹുലിനെ ഹീറോയാക്കുന്നു’; എംവി ഗോവിന്ദൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വഭാവികമെന്നാണ് എംവി ഗോവിന്ദൻ വിശദീകരിച്ചത്. കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സമരജ്വാല’ എന്ന പേരിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങൾ എഴുതി ചേർത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. വഞ്ചിയൂർ കോടതി ജാമ്യപേക്ഷ തളളി 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Highlights: MV Govindan reacts on Rahul Mamkootathil arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here