അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ്; ഓൺലൈൻ രജിസ്ടേഷൻ നാളെ മുതൽ

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ നാളെ രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക.
വനം വകുപ്പിൻ്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡിയും അപ്ലോഡ് ചെയ്യേണ്ടതാണ്. 14 വയസ് മുതൽ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്‍റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ.
7 ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്‍റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസ് എന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ കാന്‍റീനുകളുണ്ടാകും. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
Story Highlights: Agasthyarkoodam Season Trekking; Online registration from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here