‘എം.വി ഗോവിന്ദന്‍ കാര്യസ്ഥന്‍, ഇ.പി കൊട്ടാരം വിദൂഷകന്‍’; കോണ്‍ഗ്രസിന്റേത് മതനിരപേക്ഷ തീരുമാനമെന്ന് കെ സുധാകരന്‍

അമ്മായി അച്ഛനും മരുമകനും ചേര്‍ന്ന് സിപിഐഎമ്മിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതുപോലെയല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അയോധ്യയില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റിയത് ഇടതുപക്ഷ സ്വാധീനം മൂലമാണെന്ന് വിളിച്ചുപറയുന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെറുമൊരു കാര്യസ്ഥന്‍ മാത്രമാണ്. സിപിഐഎം പോളിറ്റ്ബ്യൂറോയും സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ ഇന്ന് വെറും രണ്ടുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ തീരുമാനം സുചിന്തിതവും സുവ്യക്തവുമാണ്. നിരവധി തവണ യോഗം ചേര്‍ന്ന് ദിവസങ്ങള്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണിത്. ഇത് കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ മതനിരപേക്ഷമൂല്യങ്ങളെ വാനോളം ഉയര്‍ത്തിപ്പിടിച്ചെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണമെന്ന 1987ലെ ഇഎംഎസിന്റെ നിലപാടും 1989ല്‍ വിപി സിംഗ് സര്‍ക്കാരിന്റെ ഇടത്തും വലത്തുമായി സിപിഐഎമ്മും ബിജെപിയും ചേര്‍ന്നിരുന്നതുമൊക്കെയാണ് അയോധ്യാവിഷയം വഷളാക്കിയത്. ഇന്ത്യാ മുന്നണിയിലേക്ക് പ്രതിനിധിയെപ്പോലും അയക്കാന്‍ വിസമ്മതിക്കുന്ന സിപിഐഎം എക്കാലവും സംഘപരിവാര്‍ ശക്തികളുടെ കോടാലിക്കൈയായിരുന്നു. അഞ്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അരിച്ചുപെറുക്കിയിട്ടും പിണറായി വിജയനെതിരേ ഒരു എഫ്‌ഐആര്‍പോലും ഇടാത്തതും 37 തവണ ലാവ്‌ലിന്‍ കേസ് മാറ്റിവച്ചതുമൊക്കെ ഈ ബാന്ധവത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്.
എംടി വാസുദേവന്‍ നായരുടെ പ്രസംഗം മോദിക്കെതിരേയാണെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമില്ലെന്നുമുള്ള ഇടതുപക്ഷ കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവന കൊട്ടാരം വിദൂഷകന്‍ എന്ന നിലയ്ക്കാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. പിണറായി സ്തുതിപാഠകരുടെ സംഘനേതാവാണ് ജയരാജന്‍. എല്ലാ ഏകാധിപതികള്‍ക്കെതിരേയും ഉയര്‍ന്ന മാനവരാശിയുടെ നിലവിളിയാണ് എംടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. അതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് മോദിയും പിണറായിയും തമ്മില്‍ മത്സരിക്കുന്നത്. താന്‍ മലയാളത്തിലാണ് സംസാരിച്ചതെന്നും മലയാളം അറിയാവുന്നവര്‍ക്കെല്ലാം താന്‍ പറഞ്ഞത് മനസിലാകുമെന്നും എംടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുകളില്‍ കയറിയൊരു ഭാഷ്യം നല്കാന്‍ ശ്രമിക്കുന്നത് കൊട്ടാരം വിദൂഷകന്റെ ചുമതലയാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.
Story Highlights: K Sudhakaran says that Congress’s decision is secular
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here