Advertisement

റബറിന്റെ താങ്ങുവില വർധിപ്പിക്കണം; കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി

January 12, 2024
Google News 2 minutes Read

റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 170 രൂപയിൽ നിന്നും 250 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാക്കൾ ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്.

റബർകർഷകർ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൽ റബർ കൃഷി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബർകൃഷിയുമായി മുന്നോട്ടുപോയാൽ ജീവിക്കാൻ കഴിയില്ലെന്ന കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ കേരളാ കോൺഗ്രസ് (എം) നേതാക്കൾ ആവശ്യപ്പെട്ടു.

Read Also : ‘പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്; തെരഞ്ഞെടുപ്പിന് ശേഷം രാമക്ഷേത്രത്തിൽ പോകും’; ശശി തരൂർ

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ റബർ വിലസ്ഥിരതാഫണ്ടിലേക്ക് 600 കോടി രൂപ നീക്കിവച്ച് റബറിന്റെ താങ്ങുവില കിലോയ്ക്ക് 150 ൽ നിന്നും 170 രൂപയാക്കി ഉയർത്തിയിരുന്നു. 1947 ലെ റബർ ആക്ട് പരിഷ്‌കരിക്കുമ്പോൾ റബറിന്റെ അടിസ്ഥാന വില ഉറപ്പുവരുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

പുതിയ നിയമത്തിൽ റബർ ടാപ്പിംഗ് തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള നിയമവ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും നൽകേണ്ടതാണെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി നേതാക്കളായ മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർക്കൊപ്പമാണ് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടത്.

Story Highlights: Kerala Congress (M) leaders met CM in issue of support price of rubber

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here