Advertisement

ജീവനൊടുക്കിയ നെൽക്കർഷകൻ്റെ കുടുംബത്തിൻ്റെ വായ്പാ സർക്കാർ എഴുതിത്തള്ളി; മറ്റ് കടങ്ങൾ വീട്ടാൻ സഹായിക്കുമെന്ന് സുരേഷ് ​ഗോപി

January 15, 2024
2 minutes Read
Govt waives off loan of family of farmer who committed suicide

ആലപ്പുഴയിൽ ജീവനൊടുക്കിയ നെൽക്കർഷകൻ്റെ കുടുംബത്തിൻ്റെ വായ്പാ സർക്കാർ എഴുതിത്തള്ളി. മൂന്നു വർഷമായി എസ് സി എസ് ടി കോർപറേഷനിൽ പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു. കുടുംബത്തിന്റെ മറ്റു കടങ്ങൾ വീട്ടാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചതായി കുടുംബം പറഞ്ഞു.

വായ്പ കുടിശ്ശികയുടെ പേരിൽ വീടും സ്ഥലവും വ്യക്തി ചെയ്യുമെന്ന് കുടുംബത്തിന് നോട്ടീസ് അയച്ചത് വിവാദമായിരുന്നു. തകഴി കുന്നുമ്മ കാട്ടിൽ പറമ്പിൽ പ്രസാദിൻ്റെ ഭാര്യ ഓമന 2021 ഏപ്രിൽ 29ന് പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ പണയപ്പെടുത്തിയ ആധാരമാണ് തിരികെ ലഭിച്ചത്. സ്വയം തൊഴിൽ വായ്പയായി 60,000 രൂപയാണ് ഓമന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്തത്. ഇതിൽ 15,000 രൂപയോളം തിരികെയsച്ചിരുന്നു.11 മാസക്കാലമായി തിരിച്ചടവ് മുടങ്ങിയിരുന്നു. ബാക്കി തുക കുടിശ്ശികയായതിൻ്റെ പേരിൽ ഒരാഴ്ച മുൻപ് ഇവർക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.

ഇത് വിവാദമായതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണൻ ജപ്തി നോട്ടീസ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി.
തുടർന്ന് പണമടച്ച് ആധാരമെടുക്കാനായി പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ എത്തിയെങ്കിലും ആധാരം നൽകിയില്ല. തുടർന്ന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കടബാധ്യത എഴുതിത്തള്ളാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
തുടർന്ന് ഇന്ന് വൈകിട്ട് കോർപ്പറേഷൻ ജില്ലാ മാനേജർ വീട്ടിലെത്തി ഓമനക്ക് ആധാരം കൈമാറി.

Read Also : സാഹിത്യകാരന്മാരുടെ പരാമർശങ്ങൾ മുഖവിലയ്ക്കെടുക്കുന്ന പാർട്ടിയാണ് സിപിഐഎം; എകെ ബാലൻ

കുടുംബത്തിന്റെ മൊത്തം കടബാധ്യയായ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതായി കുടുംബം പറഞ്ഞു. 2023 നവംബർ 11നാണ് പ്രസാദ് ജീവനൊടുക്കിയത്. കൃഷി നടത്തുന്നതിനായി പല ബാങ്കുകളും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് പ്രസാദ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.

Story Highlights: Govt waives off loan of family of farmer who committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top