ചോരയിലും കണ്ണീരിലും കുതിർന്ന് പാടങ്ങൾ; ആറ് മാസത്തിനിടെ 557 മരണം; കർഷക ആത്മഹത്യകൾ മഹാരാഷ്ട്രയിൽ തുടർക്കഥ

കഴിഞ്ഞ ആറ് മാസത്തിനിടെ മഹാരാഷ്ട്രയിൽ 557 കർഷകർ ജീവനൊടുക്കിയെന്ന് കണക്ക്. എന്നാൽ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചത് 53 പേർക്ക് മാത്രമാണ്. 284 കർഷകരുടെ ആത്മഹത്യ സംബന്ധിച്ച് സംസ്ഥാന സർക്കാരിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരിൽ കൂടുതൽ പേരും അമരാവതി ഡിവിഷനിൽ നിന്നുള്ള കർഷകരെന്നാണ് വിവരം.
അഞ്ച് ജില്ലകളിലായാണ് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്. അകോല, ബുൽധന, വാഷിം, യവത്‌മാൽ, അമരാവതി എന്നിവിടങ്ങളിലാണ് ആത്മഹത്യകൾ അധികും. ജനുവരി മുതൽ ജൂൺ വരെ മാത്രം 557 കർഷകർ ഈ ജില്ലകളിൽ മാത്രം ജീവനൊടുക്കി. ഇതിൽ തന്നെ 170 കർഷകർ അമരാവതി ജില്ലയിൽ നിന്നാണ്.
സംസ്ഥാനത്ത് കടുത്ത ജലക്ഷാമം നേരിടുന്ന ജില്ലയാണ് അമരാവതി. മികപ്പോഴും ഇവിടെ ജല ദൗർലഭ്യം അനുഭവപ്പെടാറുണ്ട്. എന്നാൽ കാലാവസ്ഥ അനുകൂലമായാൽ കർഷകർ പൊന്നുവിളയിക്കുന്ന മണ്ണ് കൂടിയാണ് ഇവിടം. ഇത്തവണ കാലാവസ്ഥ ചതിച്ചതാണ് കർഷകരെ ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് നയിച്ചത്.
ഒന്നര ലക്ഷം വായ്പ തിരിച്ചടക്കാനുള്ളതിനാലാണ് അകോല ജില്ലയിലെ ഭരത്പൂർ ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമി സ്വന്തമായുണ്ടായിരുന്ന കർഷകൻ മങ്കേഷ് ഗോഖ്രെ ജീവനൊടുക്കിയത്. 35 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. കനത്ത മഴയിൽ ഇവരുടെ കൃഷി നശിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. ഇവർക്ക് വിളനാശത്തിനുള്ള ഇൻഷുറൻസ് തുക ലഭിച്ചില്ലെന്നും പരാതിയുണ്ട്.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിലേറെ കർഷക മരണങ്ങൾ നടക്കുന്നതായാണ് കർഷക നേതാക്കൾ പറയുന്ന്. 2014 ൽ സംസ്ഥാനത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപി ഈ വിഷയം അന്ന് വലിയതോതിൽ ചർച്ചയാക്കിയിരുന്നു. എന്നാൽ അവർ അധികാരത്തിലെത്തിയപ്പോൾ കർഷകരെ മറന്നുവെന്നാണ് കർഷക നേതാക്കൾ പലരും ദേശീയ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പറയുന്നത്.
Story Highlights : In Maharashtra 557 farmers commit suicide last six months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here