ഏഷ്യൻ കപ്പ് ഫുട്ബോൾ; ഉസ്ബെകിസ്താനോട് മൂന്നു ഗോളിന് പരാജയപ്പെട്ട് ഇന്ത്യ, പ്രീ-ക്വാർട്ടർ പ്രതീക്ഷ അവസാനിച്ചു
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. ഉസ്ബെകിസ്താനോട് ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകളും ഇതോടെ അവസാനിച്ചു.
ഇന്ത്യൻ പ്രതിരോധത്തിലെ കനത്ത പോരായ്മകളാണ് ഉസ്ബെകിസ്താന്റെ മൂന്നു ഗോളിനും വഴിയൊരുക്കിയത്. മൂന്നു ഗോളുകളും കളിയുടെ ആദ്യ പകുതിയിലാണ് പിറന്നത്. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ അബോസ്ബെക്ക് ഫൈസുല്ലയേവും 18ാം മിനിറ്റിൽ ഇഗോർ സെർജീവും ഇൻജുറി ടൈമിൽ (45+4) ഷെർസോഡ് നസ്രുല്ലോവും ഗോൾ നേടി.
രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യ നിലവിൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ്. രണ്ടു മത്സരങ്ങളും ജയിച്ച ആസ്ട്രേലിയ ആറു പോയന്‍റുമായി ഒന്നാമതും ഒരു ജയവും സമനിലയുമായി ഉസ്ബെകിസ്താൻ രണ്ടാമതുമാണ്. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് രണ്ടു ഗോളിനാണ് സുനിൽ ഛേത്രിയും സംഘവും പരാജയപ്പെട്ടത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here