‘മാസപ്പടി വിവാദം വലിയ കൊള്ളയുടെ അറ്റം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്’; ഷോൺ ജോർജ്

മാസപ്പടി വിവാദത്തിൽ വലിയ കൊള്ളയുടെ അറ്റം മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്ന് പരാതിക്കാരനായ ഷോൺ ജോർജ്. കരിമണൽ കമ്പനിയിൽ നിന്ന് 135 കോടി രൂപ രാഷ്ട്രീയ കക്ഷി നേതാക്കൾ വാങ്ങിയെന്ന് കണ്ടെത്തിയിട്ടും ആരും പ്രതിഷേധിക്കുന്നില്ല. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട് കൂടി പുറത്ത് വന്നാൽ എല്ലാവരും ഞെട്ടുമെന്നും ഷോൺ ജോർജ് പറഞ്ഞു.
എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷോൺ ജോർജ് നേരത്തെ പറഞ്ഞിരുന്നു.
കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേത് മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജിക്കെന്നും ഷോൺ ജോർജ് പറഞ്ഞു. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് ഉത്തരവിൽ പരാമര്‍ശിച്ച ‘പി വി’ പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോർജ് പറഞ്ഞു.
Story Highlights: Shone George Against Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here