ഒരു ദിവസത്തേക്ക് 70,000 മുതൽ ഒരു ലക്ഷം വരെ; നിരക്ക് കുതിച്ചുയർന്ന് അയോധ്യയിലെ ഹോട്ടലുകൾ

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ ഹോട്ടൽ മുറികളുടെ വാടകനിരക്കിൽ ഗണ്യമായ വർധന. ഭൂരിഭാഗം ഹോട്ടലുകളുടെയും ബുക്കിങ് നിലവിൽ പൂർണ്ണമായും അവസാനിച്ചു. മുറികളുടെ ലഭ്യത കുറഞ്ഞതോടെയാണ് ബുക്കിങ് നിരക്കിൽ വലിയ വർധനയുണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 3 മുതൽ 5 ലക്ഷം വരെ വിശ്വാസികൾ അയോധ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Ayodhya hotels rate rised)
അയോധ്യയിലെ ഹോട്ടലുകളിൽ മുറിക്ക് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപയായി നിരക്ക് വർധിച്ചുവെന്ന തരത്തിൽ ഒരു വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഓരോ സ്ഥലത്തും മുറി വാടക ശരാശരിയുടെ അഞ്ചിരട്ടിയായി ഉയർന്നുവെന്നും വിഡിയോയിൽ പറയുന്നുണ്ട്. പാർക്ക് ഇൻ റാഡിസൺ എന്ന ഹോട്ടലിലെ മുകളിലെ മുറിക്ക് മാത്രം ഒരു ലക്ഷം രൂപയിലെത്തി. അയോധ്യയിൽ തന്നെ സ്ഥിതി ചെയ്യുന്ന രാമായണ ഹോട്ടലിൽ മുറികൾ ഏതാണ്ട് എല്ലാം തന്നെ ബുക്കായി കഴിഞ്ഞുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഡിസംബർ പകുതി മുതൽ തന്നെ അയോധ്യയിലെ ഹോട്ടലുകൾ ബുക്കായി തുടങ്ങിയെന്നും നിരക്ക് ഉടനൊന്നും കുറയില്ലെന്നുമാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ചടങ്ങുകളെല്ലാം അവസാനിക്കുമ്പോഴും മുറിയൊന്നിന് ഒരു രാത്രിക്ക് 30,000 രൂപയെങ്കിലും നിരക്കുണ്ടാകും. ശരാശരി 70000 മുതൽ ഒരു ലക്ഷം വരെയാണ് നിലവിൽ വിവിധ ഹോട്ടലുകളിലെ നിരക്കുകൾ.
Read Also : രാമക്ഷേത്ര പ്രതിഷ്ഠാ: അയോധ്യയിലേക്ക് തലമുടികൊണ്ട് തേര് വലിച്ച് രാമ ഭക്തൻ
ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കെ, രാമക്ഷേത്രത്തിലെ ചടങ്ങുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രധാന പരിപാടി 22നാണ്. രാഷ്ട്രപതി ദ്രൗപതി മുർമു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന 7,000ത്തോളം പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കും.
Story Highlights: Ayodhya hotels rate rised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here