രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്: എല്ലാവരും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദൻ

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് എല്ലാവരും വീടുകളിൽ ദീപം തെളിക്കണമെന്ന് അഭ്യർഥിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ ആഹ്വാനം.
ജനുവരി 22 ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും ഉണ്ണിമുകുന്ദൻ കുറിച്ചു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ
‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം’
ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഈ ദിവസം രാജ്യം മുഴുവൻ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.
വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചയ്ക്ക് 12.20ന് പ്രാണപ്രതിഷ്ഠ നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങ് സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജ് ശിൽപം ചെയ്ത രാം ലല്ലയുടെ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.
ഏഴു ദിവസത്തെ ചടങ്ങുകൾ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ആചാരങ്ങളിൽ വിവിധ തരത്തിലുള്ള പൂജകൾ ഉൾപ്പെടുന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിക്ക് ശേഷം രാമക്ഷേത്രം ഭക്തർക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കും. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും ദിവസവും ക്ഷേത്രം സന്ദർശിക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights: Unni Mukundan Light Lamp on Ayodhya Inaugural day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here