‘റിപ്പബ്ലിക് ദിനത്തിൽ പുതുചരിത്രമെഴുതാൻ വ്യോമസേന’; വട്ടമിട്ട് പറക്കാൻ C-295 സൈനിക വിമാനം, 48 അഗ്നിവീർ വനിതകൾ പങ്കെടുക്കും
ചരിത്രമാകാനൊരുങ്ങുകയാണ് 75-ാം റിപ്പബ്ലിക് ദിനം. ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്ന് ഐഎഎഫ് അറിയിച്ചു. വ്യോമസേനയുടെ 51 വിമാനങ്ങളാകും ഇത്തവണ ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുക. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി റിപ്പബ്ലിക് ദിനപരേഡിൽ 48 അഗ്നിവീർ വായുവിലെ വനിതകൾ പങ്കെടുക്കുമെന്ന് അധികൃതർ വെള്ളിയാഴ്ച ഇന്ത്യാ ടുഡേയോട് പറഞ്ഞു.
“ഭാരതീയ വായു സേന: സാക്ഷ്യം, സശക്ത്, ആത്മനിർഭർ” എന്നായിരിക്കും ഐഎഎഫിന്റെ ( IAF) റിപ്പബ്ലിക് ദിന ടാബ്ലോയുടെ തീം. കൂടാതെ, ഐഎഎഫിന്റെ 15 വനിതാ പൈലറ്റുമാരും ഏരിയൽ ഫ്ലൈപാസ്റ്റിൽ ഐഎഎഫിന്റെ വിവിധ എയർ അസറ്റുകൾ പ്രവർത്തിപ്പിക്കും. 29 യുദ്ധവിമാനങ്ങൾ, സൈനികരുടെ എട്ട് യാത്രാ വിമാനങ്ങൾ, ഒരു ഹെറിറ്റേജ് ഹെലികോപ്റ്റർ, 13 ഹെലികോപ്റ്ററുകൾ എന്നിങ്ങനെ 51 വിമാനങ്ങളാകും പങ്കെടുക്കുകയെന്ന് വ്യോമസേന വിംഗ് കമാൻഡർ മനീഷ് പറഞ്ഞു.
1971-ലെ യുദ്ധകാലത്ത് പാകിസ്താനെ തുരത്താനുള്ള രഹസ്യ ഓപ്പറേഷന്റെ ഓപ്പറേഷന്റെ ഭാഗമായി ഐഎഎഫ് നയിച്ച ‘തംഗയിൽ എയർഡ്രോപ്പ്’ പുനരാവിഷ്കരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ശത്രുരാജ്യത്തേക്ക് ബറ്റാലിയനെ അയക്കുന്നത്. ഒരു ഡക്കോട്ട വിമാനവും രണ്ട് ഡോർനിയറുകളുമാകും റിപ്പബ്ലിക് ദിനത്തിൽ പറക്കുക.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇന്ത്യയുടെ മുതൽകൂട്ടായ, ആത്മനിർഭരത പ്രകടമാകുന്ന കവചിത വാഹനങ്ങളും പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ച വാഹനങ്ങളുടെയും ബൃഹത്തായ പ്രദർശനവും നടത്തുമെന്ന് പ്രതിരോധ സേന വ്യക്തമാക്കി.
Story Highlights: Republic day 2024 48 Agniveer Women Participate in Air Force Contingent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here