അയോധ്യ പ്രാണപ്രതിഷ്ഠ; പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പൊതുതാല്‍പര്യ ഹര്‍ജി ഇന്നു രാവിലെ 10.30ന് കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
എംഎന്‍എല്‍യു, മുംബൈ, ജിഎല്‍സി, എന്‍ഐആര്‍എംഎ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.
Story Highlights: 4 students move court against holiday on Jan 22 in Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here