തായ്‌വാൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക
- ജെബിൻ. ടി. ജേക്കബ്, ആനന്ദ് പാറപ്പടി കൃഷ്ണൻ
അങ്ങനെ പ്രതീക്ഷിച്ചതു പോലെ, ഡെമോക്രാറ്റിക് പ്രോഗ്രസ്സിവ് പാർട്ടി (ഡി.പി.പി) സ്ഥാനാർഥിയായ, ലായി ചിങ്-ത തായ്‌വാൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് ഡി.പി.പി രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിജയിക്കുന്നതെന്നത് ഒരു അഭൂതപൂർവ്വമായ സ്ഥിതിവിശേഷമാണ്. ഭരണഘടനാപരമായ രണ്ടു തവണയെന്ന കാലപരിധി പൂർത്തികരിച്ച തായ്‌വാനിലെ ആദ്യ വനിതാ രാഷ്ട്രപതി സായി ഇങ്-വന്റെ പിൻഗാമിയായാണ്, ലായി തെരഞ്ഞെടുക്കപ്പെടുന്നത്. സായി ഭരണത്തിൽ ഉപരാഷ്ട്രപതിയായിരുന്നു ലായി. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഡി.പി.പി, സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരായാണ്, പൊതുവെ കാണപ്പെടുന്നത്. തായ്‌വാൻ ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്രീയ-സാമ്പത്തിക സ്ഥാപനങ്ങളെ അട്ടിമറിക്കാൻ, വളരെ കാലമായി, ‘പുനരേകീകരണ’മെന്നപേരിൽ (‘reunification’) ചൈന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. തെക്കൻ ചൈന കടലിൻ-മേലുള്ള (South China Sea) തങ്ങളുടെ അവകാശം പോലെ തന്നെ, ‘പുനരേകീകരണ’മെന്നത് വാസ്തവത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ ചൈന വികസിപ്പിച്ചെടുത്ത ഒരു ചരിത്രപരമായ സങ്കല്പസൃഷ്ടി (historical fiction) മാത്രമാണ്. ( what Taiwan Presidential Election points at )
സ്വാതന്ത്ര്യാനുകൂല നിലപാടിനെ അപ്പാടെ ഉപേക്ഷിച്ചിക്കാതെ, ചൈനയുമായി കൂടുതൽ ഇടപാടുകൾ ആഗ്രഹിച്ചു കൊണ്ട്, കഴിഞ്ഞ കുറെ കാലമായി ലായും, ഡി.പി.പി.യും അവരുടെ അഭിപ്രായങ്ങളെ ഒരൽപ്പം മയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ‘വെട്ടൊന്ന് മുറി രണ്ട്’ എന്ന തരത്തിലുള്ള രാഷ്ട്രീയ സമീപനമുള്ള ചൈനീസ് കമ്മ്യുണിസ്റ് പാർട്ടി (സി.പി.സി), ‘പുനരേകീകരണ’മെന്ന അനിവാര്യ യാഥാർഥ്യത്തെ ഡി.പി.പി അംഗീരികരിക്കുന്നതിൽ കുറഞ്ഞ ഒരു നീക്കുപോക്കിനും തയ്യാറാല്ലതാനും. സി.പി.സി-ക്ക് കൂടുതൽ സൗകര്യം, തായ്‌വാനിലെ മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷിയായ, കെ.എം.ടി-യുമായി സംഭാഷണത്തിലേർപ്പെടുന്നതാണ്. എന്തെന്നാൽ അവർ ‘ഒരു ചൈന’ (‘one China’) എന്ന സിദ്ധാന്തമാണ് പാലിച്ചു പോരുന്നത്; ‘ഒരു ചൈന’ എന്താണെന്നും, അല്ലെങ്കിൽ അതെങ്ങനെയിരിക്കണമെന്നതിന്റെയും ധാരണ, രണ്ട് വിഭാഗത്തിനും വെവ്വേറെയാണെങ്കിൽ പോലും. എന്നിരിക്കെ തന്നെ, തായ്‌വാന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ, കെ.എം.ടി-ക്ക് പല വഴിയെയും തങ്ങളുടെ പിന്തുണ സി.പി.സി, നൽകിയിട്ടുണ്ട്.
അടുത്ത കാലത്തായി തായ്‌വാൻ ദ്വീപിനു ചുറ്റും ഉയരുന്ന ചൈനയുടെ സൈനിക സമ്മർദ്ദവും – ചൈനയ്ക്കും തായ്‌വാനുമിടയിലുള്ള കടലിടുക്ക് താണ്ടി ചൈനീസ് നാവിക സേന കപ്പലുകളുടെയും, വിമാനങ്ങളുടെയും അതിപ്രസരം – ഭീഷണിയും, സാമ്പത്തിക ഞെരുക്കവുമെല്ലാം തായ്‌വാനിലെ വോട്ടർമാർ വകവെച്ചില്ല എന്നാണ് തെരെഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിക്കുന്നത്. ഡി.പി.പി സ്ഥാനാർത്ഥിയെ രാഷ്ട്രപതിയായി തെരെഞ്ഞെടുത്തതിലൂടെ, ചൈനയുടെ തന്ത്രങ്ങൾ പൊളിഞ്ഞെന്നും, ദ്വീപിനെ ബലത്തിലൂടെ കീഴ്പെടുത്താമെന്ന തരത്തിലുള്ള ഭീഷണികൾക്ക് വിശ്വാസയോഗ്യത ഇല്ലെന്നുമാണ് വോട്ടർമാർ വിധിയെഴുതിയിരിക്കുന്നത്. ഈ വിജയത്തിളക്കത്തിനും ഇടയിലാണ്, ഡി.പി.പി-ക്ക് തായ്‌വാന്റെ പാർലമെന്റിൽ – ലെജിസ്ലേറ്റീവ് യുആൻ (Legislative Yuan) – ഭൂരിപക്ഷം നഷ്ടമായത്. ആഭ്യന്തര തലത്തിൽ, ചൈനയേക്കാളേറെ, അഴിമതിയെയും, ജനങ്ങളെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക വിഷയങ്ങളെയും നേരിടേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സമൂഹത്തിലുയരുന്ന അസമത്വവും, സമ്പന്ന-ദരിദ്ര കുടുംബങ്ങൾ തമ്മിൽ അധികമാകുന്നു വിടവും, നീറുന്ന വിഷയങ്ങളാണ്. വമ്പിച്ച പാർപ്പിട വിലനിരക്കിനു അനുസൃതമായി ഉയരാത്ത വേതന-കൂലി നിരക്കും, തായ്‌വാനിൽ ജീവിതചെലവ് പൊരുതിമുട്ടിക്കുന്ന ഒന്നാണ്. കുറഞ്ഞു പരിമിതമായ വേതനത്തിന്റെ ഫലമായി, തായ്‌വാൻ ജനതക്കുള്ളിൽ നിരാശയും, അഹംബുദ്ധിയും തഴച്ചു വളരുന്നുണ്ട്. ചുരുക്കത്തിൽ, സമകാലിക തായ്‌വാനിൽ സമൂഹത്തെ ബാധിക്കുന്ന പ്രാധാന്യമേറിയ ഒരു വിഷയം, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ തന്നെയാണ്. ഇതിനോടൊപ്പം തന്നെ എടുത്തു പറയേണ്ട മറ്റൊരു വെല്ലുവിളിയാണ്, യുവാക്കളുടെ വളരുന്ന വ്യാകുലതകളും – ഇതിൽ തൊഴിലവസരങ്ങളുടെ അഭാവവും ഉൾപ്പെടും – അവയിലൂടെ ഉരുത്തിരിയുന്ന അവരുടെ നിലപാടുകളും.
ചൈനയുടെ സാധ്യമായ പ്രതികരണം
ഡി.പി.പി-യുടെ വിജയത്തോടെ, ബലത്തിലൂടെ തായ്‌വാനെ വൻകരയോട് പുനർയോജിപ്പിക്കാനുള്ള സ്ഥിരം ഭീഷണികൾ ഉൾപ്പടെ ചൈനയുടെ രാഷ്ട്രീയ വാചാടോപം തുടരുമെന്ന് തന്നെ വേണം കരുതാൻ. കൂടാതെ, രണ്ട് പ്രദേശങ്ങളുടെയും ഇടയിലുള്ള കടലിടുക്കിലും (Taiwan Strait), വ്യോമ മേഖലയിലും, ചൈനീസ് സൈനിക (പി.എൽ.എ) കപ്പലുകളുടെയും, വിമാനങ്ങളുടെയും ആധിക്യം വർദ്ധിക്കുകയും ചെയ്യും. മൊത്തത്തിൽ, തായ്‌വാന്റെ ചെറുത്തുനിൽപ്പിനെ ഒട്ടും വകവെക്കാതെയാവും, സി.പി.സി-യുടെയും, പി.എൽ.എ-യുടെയും വർദ്ധിക്കുന്ന പ്രവർത്തികൾ.
അതിനോടൊപ്പം, തായ്‌വാന്റെ ഇപ്പോഴുള്ള വളരെ പരിമിതമായ നയതന്ത്ര സഖ്യരാഷ്ട്രങ്ങളെ – മിക്കവയും മധ്യ അമേരിക്കയിലും, പസിഫിക് സമുദ്ര പ്രദേശത്തുമായി പരന്നു കിടക്കുന്ന കൊച്ചു രാജ്യങ്ങളാണ് – അടർത്തിയെടുക്കാനും വരും ദിവസങ്ങളിൽ ചൈനയുടെ ഭാഗത്തു നിന്നും നിരന്തരശ്രമങ്ങളുണ്ടാവും. ഇതിന്റെ വിരോധാഭാസമെന്നോണം, അന്താരാഷ്‌ട്ര വ്യവസ്ഥിതിയിൽ, പ്രധാനികളായ, അമേരിക്ക, യൂറോപ്പിയൻ യൂണിയൻ, ജപ്പാൻ – രാജ്യവുമായി രാഷ്ട്രീയവും, സാമ്പത്തികവുമായ ശക്തമായ ബന്ധങ്ങൾ പുലർത്തുന്നവ – എന്നിവയുമായി തായ്‌വാന്റെ ബന്ധം കൂടുതൽ കരുത്താർജിച്ചെന്ന് വരാം.
രാഷ്ട്രീയവും, സാമൂഹികവുമായ തലത്തിൽ, താത്പര്യമുണർത്തുന്ന വേറൊരു ചോദ്യം കൂടിയുണ്ട്. ഡി.പി.പി-യുടെ തുടർച്ചയായ മൂന്നാം വിജയത്തോടെ, കെ.എം.ടി-യെ ചൈന ഒരു ക്ഷയിച്ച ശക്തിയായി കരുതുമോ? അങ്ങനെയെങ്കിൽ, അവരെ തുടർന്നും പിന്തുണക്കണോ എന്ന് കൂടി ചൈനയാലോചിച്ചേക്കാം. എന്നാൽ, ഈ സ്ഥിതിവിശേഷമുണ്ടായാൽ തന്നെ, തായ്‌വാനെതിരെയുള്ള ചൈനയുടെ വ്യാജ സന്ദേശങ്ങളുടെ പ്രവർത്തനവും (disinformation campaigns), സ്വാധീനം ചെലുത്തുന്ന ഉദ്യമങ്ങളും (influence operations), തുടർന്ന് കൊണ്ടേയിരിക്കും. തങ്ങളുടെ ഈ പരിശ്രമങ്ങൾ ഫലം കാണുന്നില്ലെന്ന അറിവ് ചൈനക്കുണ്ടെങ്കിലും, ഇവ മുന്നോട്ടു കൊണ്ടുപോകുകയല്ലാതെ അവർക്കു നിവർത്തിയില്ല. കാരണം, ഇതല്ലാതെ വേറൊന്നും ചെയ്യാൻ അവർക്കു അറിയുകയുമില്ല.
സി.പി.സി-യുടെ പ്രചാരണങ്ങൾ തായ്‌വാൻ ജനതയെ ബാധിക്കുന്നില്ല എന്നത് ഗ്രഹിക്കുകയോ തള്ളുകയോ ചെയ്യുന്നത് ചൈനയുടെ ‘പുനരേകീകരണ’മെന്ന പ്രമാണത്തെ തന്നെ ദുർബ്ബലമാക്കുന്നതാവും. കാരണം, സമാധാനപരമായ പുനരേകീകരണത്തിനു സാധ്യതയില്ല എന്ന് സി.പി.സി തന്നെ സമ്മതിക്കുന്നതാവും അത്. അത് കൊണ്ട്, തായ്‌വാനിൽ താൻ ഊന്നൽ നൽകുന്ന സ്വാധീനം ചെലുത്തുന്ന ഉദ്യമങ്ങളിൽ നിന്നും, ദ്വീപു ലക്ഷ്യമാക്കി പി.എൽ.എ നടത്തുന്ന ശ്രമങ്ങളിൽ നിന്നും പിന്മാറാൻ ഷി ജിൻപിങിനെക്കൊണ്ട് സാധിക്കില്ല. ‘പുനരേകീകരണ’ത്തെ താനും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും അർഹിക്കുന്ന ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്ന് അടിവരിയിടുന്നതിനൊപ്പം, തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ ഇടപെടലിനെതിരെ ശക്തമായ സൂചനകൂടിയാണ് ഷീ ജിൻപിങ് ഉദ്ദേശിക്കുന്നത് . ചുരുക്കത്തിൽ, ചൈന-തായ്‌വാൻ ബന്ധം ദുർഘടമായി തന്നെ തുടരും.
ഇന്ത്യയുടെ നിലപാട്
അതിനിടയിൽ, ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ തായ്‌വാൻ നന്നേ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് സാമ്പത്തിക മേഖലയിൽ. സാമ്പത്തിക നിക്ഷേപങ്ങളുടെ വർദ്ധനവ്, ശ്രദ്ധേയമാകുന്നത് ഇലക്ട്രോണിക്സ്, മറ്റും സാങ്കേതിക മേഖലയിലാണ്. ഇതിൽ മുൻപന്തിയിലുള്ളത്, ആപ്പിളിന് വേണ്ടി ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന ഫോക്സ്കോണാണ് (Foxconn). ‘ചൈന പ്ലസ് വൺ’ (China plus one) എന്ന വാണിജ്യ വൈവിധ്യ (business diversification) പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ വർഷം മുതൽ ഐഫോൺ നിർമ്മാണവും ഇന്ത്യയിൽ ഫോക്സ്കോൺ ആരംഭിച്ചു കഴിഞ്ഞു. പക്ഷെ സാമ്പത്തിക ബന്ധങ്ങളുടെ അതെ അളവിൽ, രാഷ്ട്രീയ ഇടപെടലുകളും, തുടരുമോയെന്നത് കണ്ടറിയണം.
അധികാരത്തിലിരിക്കവെ ഇന്ത്യയുമായി കൂടുതൽ അടുക്കാനും, ബന്ധങ്ങൾ ദൃഢമാക്കാനുമുള്ള ഡി.പി.പി-യുടെ ശ്രമങ്ങളാണ് ഭാഗികമായി ഇതിനു കാരണം. തായ്‌വാനുമായുള്ള രാഷ്ട്രീയ ഇടപാടുകളിൽ, ഇന്ത്യയുടെ പെരുമാറ്റത്തിൽ പൊരുത്തക്കേടുകളാണുള്ളത് – ഡൽഹിയിലുള്ള തായ്‌വാന്റെ അനൗദ്യോഗിക നയതന്ത്ര പ്രതിനിധിയെ 2014-ൽ തന്റെ ആദ്യ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചിരുന്നു. എന്നാൽ അഞ്ചു വർഷത്തിന് ശേഷം 2019-ൽ, വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ, ക്ഷണമുണ്ടായിരുന്നില്ല. ബി.ജെ.പി-യുടെ പാർലമെന്റ് അംഗങ്ങൾ മുൻ രാഷ്ട്രപതി സായി ഇങ്-വന്റെ സത്യപ്രതിജ്ഞ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ ശ്രമിക്കിച്ചെങ്കിലും, 2016-ൽ വിദേശ മന്ത്രാലയം അതിന് അനുമതി നിഷേധിച്ചു. 2020-ൽ അവർ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ, ഓൺലൈൻ വഴിയാണ് ബി.ജെ.പി അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്.
പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷമുണ്ടായിട്ട് പോലും ഇന്ത്യ സർക്കാരിന്റെ ചൈനയെ സംബന്ധിച്ചുള്ള നയങ്ങൾക്ക്, വേണ്ട വ്യക്തതയും, വിശ്വാസവുമില്ലെന്നു സാരം. ആസന്നമായ പൊതു തെരെഞ്ഞെടുപ്പിൽ ഇനിയൊരു വട്ടം ഭൂരിപക്ഷം ലഭിച്ചാലും, മെയ് മാസത്തിൽ നടക്കുന്ന ലായുടെ സത്യപ്രതിഞ്ഞക്കകം സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നത് തുറന്ന ചോദ്യമാണ്.
എങ്ങനെയായാലും, ഇൻഡോ-പസിഫിക് മേഖലയെ ഇന്ത്യ കാര്യമായിട്ടെടുക്കുന്നുണ്ടെങ്കിൽ, തായ്‌വാന്റെ സുരക്ഷയും, അവർക്കെതിരെ തുടരെയുള്ള ചൈനയുടെ ഭീഷണകളും, തങ്ങളെ ബാധിക്കുന്ന പ്രാദേശിക സുരക്ഷയെയും, ഇതിലുൾപ്പെടുന്ന മറ്റ് രാജ്യങ്ങളുടെ അഭിപ്രായങ്ങളെയും ഇന്ത്യക്കു അവഗണിക്കാനാവില്ല. അമേരിക്കക്കും, അവരുടെ സഖ്യ കക്ഷികൾക്കുമാണ് തായ്‌വാന്റെ സുരക്ഷയിൽ കൂടുതൽ ഉത്തരവാദിത്തമെന്ന് ന്യായീകരിക്കാമെങ്കിലും, പ്രദേശത്ത് തങ്ങളുടെ നേതൃ ഭൂമിക ശക്തിപ്പെടുത്താനും, ചൈനയുടെ പ്രവർത്തികളിൽ നിന്നും കാത്തുകൊള്ളാമെന്ന് മറ്റു രാജ്യങ്ങൾക്ക് പ്രചോദനം നൽകാനും താൽപര്യപ്പെടുന്ന ഇന്ത്യക്ക് അത്തരം വാദങ്ങൾക്കുപ്പിന്നിൽ ഒളിക്കാൻ ബുദ്ധിമുട്ടാണ്. പ്രാദേശിക സുരക്ഷാ ശൃങ്കലകളും, സൈനിക അരങ്ങുകളും ഇഴചേരുന്ന കിടക്കുന്ന ഈ കാലത്തിൽ, ചൈനയുമായുള്ള തങ്ങളുടെ അതിർത്തിയിലെ (എൽ.എ.സി) സുരക്ഷാ താൽപ്പര്യങ്ങളെ, കിഴക്കൻ ചൈന (East China Sea)-തെക്കൻ ചൈന കടൽ പ്രദേശങ്ങളിലും, തായ്‌വാൻ കടലിടുക്കിലും നടക്കുന്ന സംഭവവികാസങ്ങളിൽ നിന്നും മാറ്റിനിർത്താനാകുമെന്ന വാദത്തിനു ഒട്ടും പ്രസക്തിയില്ല .
തായ്‌വാനെതിരെ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക മറ്റും സൈനിക സമ്മർദ്ദങ്ങൾ, ഇന്ത്യക്ക് ഒരവസരമാണ് നൽകുന്നത് – എൽ.എ.സി-ക്ക് അതീതമായി, തങ്ങളുടെ വിശാലമായ സുരക്ഷാ താൽപ്പര്യങ്ങളെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും, ആഴത്തോടുകൂടിയും, ചിന്തിക്കാൻ. അങ്ങനെ വരുമ്പോൾ, തായ്‌വാൻ സംബന്ധമായി നടന്നേക്കാവുന്ന സംഭവങ്ങളെക്കുറിച്ചു പഠനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്ത്യയുടെ പ്രതിരോധ തലവൻ (Chief of Defence Staff) മാത്രമല്ല, മറിച്ച് ഇന്ത്യൻ സർക്കാരിന്റെ എല്ലാ വിഭാഗങ്ങളുമാണ്.
——————————————-
ജെബിൻ. ടി. ജേക്കബ്
അസ്സോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്ടമെന്റ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഗവർണ്ണൻസ് സ്റ്റഡീസ്, & ഡയറക്ടർ, സെന്റർ ഓഫ് എക്സലൻസ് ഫോർ ഹിമാലയൻ സ്റ്റഡീസ്, ശിവ് നാടാർ യൂണിവേഴ്സിറ്റി, ഡൽഹി-എൻ.സി.ആർ.
ആനന്ദ് പാറപ്പടി കൃഷ്ണൻ
ഫെലോ, സെന്റർ ഓഫ് എക്സലൻസ് ഫോർ ഹിമാലയൻ സ്റ്റഡീസ്, ശിവ് നാടാർ യൂണിവേഴ്സിറ്റി, ഡൽഹി-എൻ.സി.ആർ.
Story Highlights: what Taiwan Presidential Election points at
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here