Advertisement

ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തിന് മാതൃക; ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘത്തിന് പൂര്‍ണ തൃപ്തി

January 23, 2024
Google News 2 minutes Read
central team is fully satisfied with the health activities

കേരളത്തില്‍ നടക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിച്ച് കേന്ദ്ര ആരോഗ്യ സംഘം. എറണാകുളം, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളേയും സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളേയും സംഘം പ്രകീര്‍ത്തിച്ചു. ജനുവരി 15 മുതല്‍ 20 വരെ എറണാകുളം, വയനാട് ജില്ലകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ജോയിന്റ് സപ്പോര്‍ട്ടീവ് സൂപ്പര്‍ വിഷന്‍ ആന്റ് മോണിറ്ററിംഗ് (JSSM) ടീം നടത്തിയ സന്ദര്‍ശത്തിന് ശേഷമാണ് അഭിനന്ദനമറിയിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍, നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സ് സെന്ററിന്റെ പ്രതിനിധികള്‍, ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധികള്‍, കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സര്‍വീസിന്റെ പ്രതിനിധികള്‍ തുടങ്ങി 9 പ്രതിനിധികളാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ ജനറല്‍ ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, മണീട് കുടുംബാരോഗ്യ കേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിച്ചു. ഈ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, ഭൗതിക സാഹചര്യങ്ങളും രാജ്യത്തൊരിടത്തും ഇപ്പോള്‍ നിലവില്ലായെന്ന് സംഘം അഭിപ്രായപ്പെടുകയുണ്ടായി.

വയനാട് ജില്ലയില്‍ സി.എച്ച്.സി. അമ്പലവയല്‍, ബത്തേരി താലൂക്കാശുപത്രി, ട്രൈബല്‍ ആശുപത്രി നല്ലൂര്‍നാട്, എഫ്.എച്ച്.സി. നൂല്‍പ്പുഴ, എഫ്.എച്ച്.സി. പൊഴുതന എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ആസ്പിറേഷന്‍ ജില്ലയായ വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സംഘം അതീവ സന്തുഷ്ടി രേഖപ്പെടുത്തി. നല്ലൂര്‍നാട് എഫ്.എച്ച്.സി.യിലെ ഫിസിയോതെറാപ്പി സെന്റര്‍, ജിംനേഷ്യം, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ എന്നിവ ലോകോത്തര മാതൃകയാണെന്ന് സംഘം അവകാശപ്പെട്ടു. എല്ലാ ജില്ലകളിലേയും ജനകീയ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും സംഘം തൃപ്തി അറിയിച്ചു. വാഴക്കാട് എഫ്.എച്ച്.സി.യിലെയും, പൊഴുതന എഫ്.എച്ച്.സി.യിലെയും കാലാവസ്ഥ സൗഹൃദ ആശുപത്രി നിര്‍മ്മാണത്തേയും പ്രവര്‍ത്തനത്തേയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

രണ്ടു ജില്ലകളിലെയും ജില്ലാ കളക്ടര്‍മാരുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും കേരളത്തില്‍ നടക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിക്കുകയും ചെയ്തു. എറണാകുളത്ത് വച്ച് നടത്തിയ എക്‌സിറ്റ് മീറ്റിംഗില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മുന്‍പാകെ സംഘം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളത്തില്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലീ സ്‌ക്രീനിംഗ്, എന്‍.സി.ഡി. ക്ലിനിക്കുകള്‍, ഇ-ഹെല്‍ത്ത് എന്‍.സി.ഡി. മൊഡ്യൂള്‍, ശ്വാസ്, ഡയാലിസിസ്, റെറ്റിനോപ്പതി ക്ലിനിക്ക്, ഫിസിയോതെറാപ്പി യൂണിറ്റുകള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, 360 മെറ്റബോളിക് സെന്റര്‍ എന്നിവയെക്കുറിച്ച് പൂര്‍ണമായി സംതൃപ്തി രേഖപ്പെടുത്തുകയും കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങള്‍ വേണ്ട വിധത്തില്‍ ഡോക്യൂമെന്റഷന്‍ നടത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തു.

Story Highlights: central team is fully satisfied with the health activities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here