വീണ്ടുമൊരു ബെൻ സ്റ്റോക്സ് രക്ഷാപ്രവർത്തനം; സ്പിന്നർമാർ തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 246ന് ഓളൗട്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 246 റൺസിന് ഓൾ ഔട്ട്. 200 പോലും കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 70 റൺസ് നേടി സ്റ്റോക്സ് ടോപ്പ് സ്കോററായപ്പോൾ 37 റൺസ് നേടിയ ജോണി ബെയർസ്റ്റോ ആണ് രണ്ടാമത്തെ മികച്ച ബാറ്റർ. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ബുംറയും അക്സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. (england 246 allout india)
മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ഇംഗ്ലണ്ടിനു നൽകിയത്. ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട സഖ്യം ആദ്യ വിക്കയിൽ 55 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബെൻ ഡക്കറ്റിനെ (35) വിക്കറ്റിനു മുന്നിൽ കുരുക്കിയ ആർ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. തുടർന്ന് ഒലി പോപ്പിനെ (1) ജഡേജയും സാക്ക് ക്രൗളിയെ (20) അശ്വിനും മടക്കി അയച്ചതോടെ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലായി.
Read Also: റൺസെടുക്കാൻ പറ്റിയില്ല പകരം വിക്കറ്റിന് പിന്നിൽ തിളങ്ങി; സ്റ്റംപിങ്ങിൽ ‘സൂപ്പർ സഞ്ജു’
നാലാം വിക്കറ്റിൽ ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിനെ വീണ്ടും ട്രാക്കിലെത്തിച്ചു. 61 റൺസ് ആണ് സഖ്യം കൂട്ടിച്ചേർത്തത്. ആക്രമിച്ചുകളിച്ച ബെയർസ്റ്റോയെ (37) വീഴ്ത്തി അക്സർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. ജോ റൂട്ട് (29) ജഡേജയ്ക്കും ബെൻ ഫോക്സ് (4) അക്സറിനും കീഴടങ്ങിയ. രെഹാൻ അഹ്മദിനെ പുറത്താക്കിയ ബുംറ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന നിലയിലേക്ക് തള്ളിവിട്ടു.
ഇതോടെ, എട്ടാം വിക്കറ്റിൽ ടോം ഹാർട്ലേയ്ക്കൊപ്പം ചേർന്ന് ബെൻ സ്റ്റോക്സ് മറ്റൊരു തകർപ്പൻ ഇന്നിംഗ്സിനു കെട്ടഴിച്ചു. ആക്രമണവും പ്രതിരോധവും ഒരുപോലെ ഇഴുകിച്ചേർത്ത ഇന്നിംഗ്സ് ഇംഗ്ലണ്ടിനെ വലിയ ഒരു തകർച്ചയിൽ നിന്ന് രക്ഷിച്ചു. 23 റൺസ് നേടിയ ഹാർട്ലെയെ ജഡേജ മടക്കി അയക്കുമ്പോൾ ഇംഗ്ലണ്ട് 193ലെത്തിയിരുന്നു. എട്ടാം വിക്കറ്റിൽ 38 റൺസ് കൂട്ടുകെട്ട്. ഈ വിക്കറ്റ് വീണതോടെ ആക്രമണത്തിലേക്ക് കടന്ന സ്റ്റോക്സ് ജഡേജയ്ക്കെതിരെ രണ്ട് തുടർ സിക്സറുകൾ നേടി ഫിഫ്റ്റി തികച്ചു. 41 റൺസ് നീണ്ട ഈ കൂട്ടുകെട്ട് മാർക്ക് വുഡിനെ (11) പുറത്താക്കി അശ്വിൻ പൊളിച്ചു. ഒടുവിൽ 70 റൺസ് നേടിയ സ്റ്റോക്സിൻ്റെ കുറ്റിപിഴുത ബുംറ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
Story Highlights: england 246 allout vs india test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here