ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സീറ്റ് ധാരണ; കോണ്‍ഗ്രസ് യുപി ഘടകത്തിന് അതൃപ്തി

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി സീറ്റ് ധാരണ. കോണ്‍ഗ്രസിന് 11 സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍ ഈ ഫോര്‍മുലയില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഈ ധാരണ അഖിലേഷ് യാദവിന്റെ നിര്‍ദേശമാണെന്നും ഇത് കോണ്‍ഗ്രസിന്റേതല്ലെന്നുമാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. (Akhilesh Yadav announces INDIA seat sharing plan, Congress disagrees)
ഉത്തര്‍പ്രദേശില്‍ 80 ലോക്സഭാ സീറ്റുകളാണുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ 80ല്‍ 62 സീറ്റും ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും നേടിയപ്പോള്‍ എസ്പിബിഎസ്പി സഖ്യം 15 സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും മാത്രമേ നേടാനായിരുന്നുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുനില പരിഗണിച്ചശേഷം ഇന്ത്യാ മുന്നണി ഇത്തരമൊരു ധാരണയിലെത്തുകയായിരുന്നു. 11 സീറ്റുകള്‍ എന്നത് ഒരു നിര്‍ദേശം മാത്രമാണെന്നും ജയസാധ്യതയുള്ള കൂടുതല്‍ പേരുകള്‍ അറിയിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാമെന്നും സമാജ്വാദി പാര്‍ട്ടി പ്രതികരിച്ചു.
അതേസമയം സോണിയാ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ല. റായ് ബറേലിയിലെ ഒരു സീറ്റാണ് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിനുള്ളത്. സിറ്റിംഗ് എം.പിമാര്‍ എല്ലാം സ്ഥാനാര്‍ത്ഥി ആകണം എന്ന വ്യവസ്ഥ പാലിച്ചാല്‍ സോണിയാ ഗാന്ധി തന്നെ ഇവിടെ സ്ഥാനാര്‍ത്ഥി ആകണം. എന്നാല്‍ ഇതിന് സാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്കുന്ന വിവരം. സോണിയാ ഗാന്ധി ലോകസഭയില്‍ നിന്ന് രാജ്യസഭയിലേക്ക് മാറും. കര്‍ണ്ണാടകയില്‍ നിന്നാകും പാര്‍ട്ടി സോണിയാ ഗാന്ധിയുടെ രാജ്യസഭ പ്രവേശനം ഉറപ്പാക്കുക. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനാണ് സാധ്യത.
Story Highlights: Akhilesh Yadav announces INDIA seat sharing plan, Congress disagrees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here