Advertisement

കായിക മന്ത്രാലയത്തെയും ഫുട്ബോൾ ഫെഡറേഷനെയും വിമർശിച്ചു; ഇന്ത്യൻ ഫുട്ബോൾ പരിശീലക സ്ഥാനത്തുനിന്ന് സ്റ്റിമാച്ചിനെ പുറത്താക്കിയേക്കും

January 28, 2024
Google News 2 minutes Read
Igor Stimac fired coach

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യൻ കപ്പിലെ മോശം പ്രകടനവും ടൂർണമെൻ്റിനു ശേഷം കായികമന്ത്രാലയത്തെയും ഫുട്ബോൾ ഫെഡറേഷനെയും വിമർശിച്ചതും സ്റ്റിമാച്ചിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിച്ചു എന്നാണ് റിപ്പോർട്ട്. ഏഷ്യൻ കപ്പിൽ കളിച്ച മൂന്ന് കളിയും തോറ്റ ഇന്ത്യ ആറ് ഗോൾ വഴങ്ങിയിരുന്നു. ഒരു ഗോൾ പോലും തിരിച്ചടിക്കാനും സാധിച്ചില്ല. (Igor Stimac fired coach)

ഇന്ത്യൻ ടീമിനെ മാറ്റിമറിക്കാൻ തൻ്റെ കയ്യിൽ മാന്ത്രികവടിയില്ലെന്നാണ് ടൂർണമെൻ്റിനു ശേഷം സ്റ്റിമാച് പ്രതികരിച്ചത്. ഐഎസ്എലിലെയോ ഐലീഗിലെയോ ക്ലബുകളിൽ കളിക്കുന്ന ഇന്ത്യൻ സ്ട്രൈക്കർമാർ കുറവാണ്. അതുകൊണ്ട് തന്നെ ഛേത്രിക്ക് പിൻഗാമിയെ കിട്ടാൻ ബുദ്ധിമുട്ടാണ്. മറ്റ് ലീഗുകളിൽ കളിക്കുന്ന ഇന്ത്യൻ വംശജരെ ദേശീയ ടീമിൽ കളിക്കാൻ അനുവദിക്കണം. മറ്റ് രാജ്യങ്ങൾ ഇരട്ട പൗരത്വമുള്ള താരങ്ങൾക്ക് അനുമതി നൽകുന്നുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞിരുന്നു. ഇത് ഫുട്ബോൾ ഫെഡറേഷനെയും കായിക മന്ത്രാലയത്തെയും ചൊടിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

Read Also: ‘പരിശീലകൻ എന്നതിനപ്പുറം ഞാൻ ക്ലബ് ആരാധകൻ, ഇതാണ് ശരിയായ സമയം’; സാവി ബാഴ്സലോണ പരിശീലക സ്ഥാനമൊഴിയുന്നു

ഏഷ്യൻ കപ്പിനെക്കാൾ പ്രാധാന്യം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കാണെന്ന സ്റ്റിമാച്ചിൻ്റെ അഭിപ്രായവും വിവാദമായി. ഇതിനു പിന്നാലെ കായിക മന്ത്രാലയം ഫുട്ബോൾ ഫെഡറേഷനോട് വിശദീകരണം തേടി. ചില മുതിർന്ന താരങ്ങൾ ടീം തെരഞ്ഞെടുപ്പിൽ ഇടപെടുന്നുണ്ടെന്നും മോശം ഫോമിലായിട്ടും ഇവർ ടീമിൽ കളിക്കുന്നുണ്ടെന്നുമുള്ള വാർത്തകളുമുണ്ട്. പരിശീലക വേഷത്തിൽ കാര്യമായ അനുഭവ സമ്പത്തില്ലാത്ത മുൻ ഇംഗ്ലണ്ട് താരം ട്രെവർ സിൻക്ലയറിനെ സഹപരിശീലകനായി നിയമിച്ചതിലും ഫെഡറേഷന് അതൃപ്തിയുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങൾ പങ്കുവെക്കരുതെന്ന് ഫെഡറേഷൻ സ്റ്റിമാച്ചിന് നോട്ടീസ് നൽകിയിരിക്കുകയാണ്.

2023 ഓഗസ്റ്റിൽ സ്റ്റിമാച്ചുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്റ്റിമാച്ചിൻ്റെ കസേര തെറിക്കാനാണ് സാധ്യത. എന്നാൽ, ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കു മുൻപ് പരിശീലകനെ മാറ്റാൻ സാധ്യതയില്ല. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ മാര്‍ച്ച് 21ന് അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് രണ്ടാം പാദം. തുടര്‍ന്ന് കുവൈറ്റ്, ഖത്തര്‍ എന്നിവർക്കെതിരെയും ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ഇതിനിടെ ക്രൊയേഷൻ ക്ലബ് ഡൈനമോ സാഗ്രെബ് സ്റ്റിമാച്ചിനെ പരിശീലകനായി നിയമിക്കാന്‍ നീക്കം തുടങ്ങി എന്ന റിപ്പോർട്ടുകളുമുണ്ട്.

Story Highlights: Igor Stimac may get fired from indian footbal coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here