മിഠായിയും ഹൽവയും വാങ്ങിനടന്നപ്പോൾ സുരക്ഷ വേണ്ടായിരുന്നല്ലോ; ഗവർണർ വിഢ്ഡിവേഷം കെട്ടുന്നുവെന്ന് എം വി ഗോവിന്ദൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഡി വേഷം കെട്ടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിട്ട നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ ബാഹ്യമായ ഇടപെടലുകൾ നടത്തുന്നു. സാധാരണ മനുഷ്യർക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. കോഴിക്കോട് മിഠായിത്തെരുവിൽ മിഠായിയും ഹൽവയും വാങ്ങിനടപ്പോൾ ഗവർണർക്ക് സുരക്ഷ വേണ്ടായിരുന്നല്ലോ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.(MV Govindan criticize Governor over Kollam Nilamel SFI protest issue)
മിഠായിത്തെരുവിൽ മിഠായിയും കോഴിക്കോടൻ അലുവയും ഒക്കെ വാങ്ങാൻ പോയ ചിത്രം എല്ലാവരും കണ്ടതല്ലേ. ഒരു സെക്യൂരിറ്റിയും അന്ന് വേണ്ടിവന്നില്ലല്ലോ. ഇപ്പോൾ ഒരു കടയുടെ മുന്നിൽ കേറിയിരുന്ന്, അവർക്ക് കാശും കൊടുത്തു. എന്തും ചെയ്യാമെന്ന നിലപാടിലാണ് ഗവർണർ. വാഹനത്തിൽ എസ്എഫ്ഐ പ്രവർത്തകർ അടിച്ചെന്ന ആരോപണം കളവാണെന്ന് മാധ്യമപ്രവർത്തകർ തന്നെ തെളിയിച്ചു. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് നിന്ന് എത്രയോ ദൂരെയാണ് അദ്ദേഹം വാഹനം നിർത്തിയത്. തന്നെ ആക്രമിക്കാൻ വന്നെന്നും കാറിന് നേരെ അതിക്രമം നടത്തിയെന്നും കളവ് പറഞ്ഞ് കേന്ദ്രത്തിൽ നിന്ന് നടപടിയെടുപ്പിച്ചിരിക്കുന്നത്. ഇതൊന്നും കേരളത്തിൽ വിലപ്പോകില്ല.
ഗവർണർ വിഡ്ഡിവേഷം കെട്ടുകയാണ്. ഗവർണറെ തിരിച്ചുവിളിക്കുന്ന ചോദ്യത്തിന്, എക്സ് പോയി വൈ വരും, ഇനി വരുന്നത് ഇതിനെക്കാൾ വലിയ ആർഎസ്എസുകാരനായിരിക്കുമെന്നാണ് എം വി ഗോവിന്ദന്റെ മറുപടി.
അതിനാടകീയമായ സംഭവങ്ങളാണ് ഇന്നലെ കൊല്ലം നിലമേലിൽ നടന്നത്. നിലമേലിലെ ഗവർണറുടെ പ്രതിഷേധം സംസ്ഥാന ചരിത്രത്തിലെ തന്നെ ആദ്യത്തെ കാഴ്ചയായി.സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ചടങ്ങിനായി ഗവർണർ വരും വഴിയാണ് പ്രതിഷേധത്തിന്റെ തുടക്കം. നിലമേലിൽ വച്ച് എസ്എഫ്ഐ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പിന്നാലെ കാറിൽ നിന്നിറങ്ങി പ്രതിഷേധക്കാർക്ക് നേരെ നടന്ന് ഗവർണറുടെ അപ്രതീക്ഷിത നീക്കം. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ കേസെടുക്കാതെ തിരികെ കാറിൽ കയറില്ലെന്ന് ഉറപ്പിച്ച്, സമീപത്തെ കടയ്ക്ക് മുന്നിൽ ഗവർണർ കസേര ഇട്ടിരുന്നത് ഒന്നര മണിക്കൂറാണ്.
Read Also : ‘ഗവർണർ സർക്കാരിനെതിരെ പട നയിക്കുന്നു; CRPF വന്നാലും പ്രതിഷേധിക്കും’; തോമസ് ഐസക്
അതിനിടയിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ഫോണിൽ വിളിച്ച് ഗവർണർ വിഷയം ധരിപ്പിച്ചു. എസ്എഫ്ഐക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ പകർപ്പ് ലഭിച്ചശേഷം മാത്രമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത് .
Story Highlights: MV Govindan criticize Governor over Kollam Nilamel SFI protest issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here