ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ നടക്കുന്ന പട്‌നയിലെത്തി.
എന്തുകൊണ്ട് മഹാസഖ്യമുപേക്ഷിച്ചെന്ന ചോദ്യത്തിന് നിതിഷ് മറുപടി പറഞ്ഞില്ല. ഇന്ത്യാ സഖ്യത്തിന്റെ യോഗം നടന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് സിപിഐഎം അടക്കം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ തൃണമൂലിന്റെ മമതാ ബാനര്‍ജി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിന്നീടെടുക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതും നിതിഷിന്റെ മറുകണ്ടം ചാടുന്നതിന് കാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Nitish Kumar sworn as Bihar Chief Minister for ninth time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here