‘അമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ട് വേണ്ട; എന്നാല്‍ ഇഷ്ടം പോലെ ചെയ്യ്’; പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര്
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശ സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്ക്‌പോര്. ജാഥ നടക്കുന്നത് കൊണ്ട് സര്‍ക്കാര്‍ സഹകരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് നിങ്ങള്‍ വലിയ സഹകരണമാണല്ലോ നല്‍കുന്നതെന്ന് എന്ന് മുഖ്യമന്ത്രിയുടെ മറുപടി. പിന്നാലെ ഇഷ്ടം പോലെ ചെയ്യെന്ന് വി ഡി സതീശന്‍. ഇത്തരം വര്‍ത്തമാനങ്ങള്‍ വേണ്ടെന്ന് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായി.(Argument between VD Satheesan and Pinarayi Vijayan)
പ്രതിപക്ഷത്തിന്റേതുള്‍പ്പെടെ ആവശ്യം പരിഗണിച്ചാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയതെങ്കിലും രൂക്ഷമായ വാക്‌പോരാണ് കാര്യോപദേശക സമിതിയില്‍ ഉണ്ടായത്. കോണ്‍ഗ്രസിന്റെ സമരാഗ്നിയെന്ന പേരിലുള്ള യാത്ര 9ന് നടത്തുന്നുണ്ട്. അതില്‍ സര്‍ക്കാര്‍ കൂടി സഹകരിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ നിങ്ങള്‍ നല്ല സഹകരണമാണല്ലോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ വേണ്ടെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി.ഇങ്ങോട്ടും വേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞതോടെ എന്നാല്‍ ഇഷ്ടം പോലെ ചെയ് എന്ന് സതീശന്‍.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനാണ് ഇന്ന് നിയമസഭ സാക്ഷ്യംവഹിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ അഞ്ച് മാസത്തെ കുടിശ്ശിക ഉടന്‍ തീര്‍പ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ളതല്ല സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും നവകേരള സദസ് നടത്തിപ്പിലെ അവകാശവാദങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Also : നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും
പ്രതിപക്ഷ ബഹിഷ്‌കരണത്തോടെയാണ് സഭയില്‍ ഇന്ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമായത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഗവര്‍ണര്‍ പദവി തന്നെ വേണ്ട, ഭരണഘടനാ ഭേദഗതി വേണമെന്നാണ് ആവശ്യം, നിലയില്ലാതെ പോയി നിലമേലെത്തി നിലത്തിരുന്നു ഗവര്‍ണര്‍ എന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സംസ്ഥാനം നേരിടുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
Story Highlights: Argument between VD Satheesan and Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here