Advertisement

ജോലിക്ക് ഭൂമി അഴിമതി: ലാലു പ്രസാദ് യാദവ് ഇഡിക്ക് മുന്നിൽ ഹാജരായി

January 29, 2024
Google News 2 minutes Read
Land for jobs case: Lalu Prasad Yadav appears before ED

ജോലിക്ക് പകരം ഭൂമി അഴിമതി കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. പട്നയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ഹാജരായത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. അതേസമയം മകൻ തേജസ്വി യാദവ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും.

മൂത്ത മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയോടൊപ്പം രാവിലെ 11 മണിയോടെയാണ് റാബ്രി വസതിയിൽ നിന്ന് ലാലു ഇഡി ഓഫീസിലെത്തിയത്. ലാലുവിന്റെ വരവിന് മുന്നോടിയായി ആർജെഡി അനുയായികൾ ഇഡി ഓഫീസിൽ തടിച്ചുകൂടി. നിരവധി ആർജെഡി എംഎൽഎമാരും എത്തിയിരുന്നു. തുടർന്ന് ആർജെഡി പ്രവർത്തകർ ലാലുവിൻ്റെ കാർ വളയുകയും അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പ്രവർത്തകരോട് സമാധാനം പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം ഇഡി ഓഫീസിലേക്ക് കയറിയത്. ലാലുവിനെ ഇഡി സംഘം ചോദ്യം ചെയ്തുവരികയാണ്. ഇഡി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസിൽ ലാലു പ്രസാദിൻ്റെ മകൻ തേജസ്വി യാദവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നാളെ ഹാജരാകണം എന്നാണ് തേജസ്വിക്ക് നൽകിയിരിക്കുന്ന നിർദേശം.

ഇഡി സമൻസിനെതിരെ ലാലുവിൻ്റെ മകൾ മിസ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. ‘ഇതിൽ പുതുമയില്ല, കേന്ദ്രത്തിന് തോന്നുമ്പോഴെല്ലാം അവർ സമൻസ് അയക്കാറുണ്ട്. നമ്മുടെ കുടുംബത്തിന് മാത്രമല്ല, പ്രതിപക്ഷ നേതാക്കൾക്ക് മുഴുവൻ സമൻസ് ലഭിക്കുന്നുണ്ട്’-മിസ പറഞ്ഞു.

Story Highlights: Land for jobs case: Lalu Prasad Yadav appears before ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here