തോഷഖാന കേസ്; ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 14 വർഷം തടവ്

തോഷഖാന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസിൽ ഇരുവർക്കും 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്താൻ രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വെക്കാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു കേസ്.
അതിനിടെ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇമ്രാൻ ഖാന് ഇന്നലെ 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ഫെബ്രുവരി എട്ടിന് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ കിട്ടുന്നത്.
യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്.
Story Highlights: Imran Khan, wife Bushra sentenced to 14 years of rigorous punishment in Toshakhana case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here