വീണയുടെ കമ്പനി സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്നുള്ള ആരോപണത്തിലേക്ക് കാര്യങ്ങള്‍ കൂടുതല്‍ അടുത്ത് വരുന്നു: മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം വിരല്‍ ചൂണ്ടുന്നത് അസാധാരണ സാഹചര്യമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ ട്വന്റിഫോറിലൂടെ പ്രതികരിച്ചു. വീണയുടെ കമ്പനി സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ സ്വഭാവമാണ് ഈ കമ്പനിയ്‌ക്കെന്ന് പറഞ്ഞതുമായ ആരോപണങ്ങളിലേക്ക് കാര്യങ്ങള്‍ കൂടുതല്‍ അടുത്ത് വരികയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഇങ്ങനെയൊരു അന്വേഷണം നേരിടുമ്പോള്‍ അതിനെ ഏറെ ഗൗരവത്തോടെ കാണണമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. (Mathew Kuzhalnadan on SFIO probe in Veena’s Exalogic)
ആറംഗ സംഘമാണ് എക്‌സാലോജിക്ൃ സിഎംആര്‍എല്‍ ഇടപാടിയില്‍ അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ് എസ്എഫ്‌ഐയ്ക്ക് കൈമാറിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിന് ഉള്‍പ്പെടെ അധികാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എസ്എഫ്‌ഐഒ. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടെന്താണെന്നും മാസപ്പടി വിവാദമെന്ന പേരില്‍ വലിയ ചര്‍ച്ചയായ പണമിടപാട് എന്ത് സേവനത്തിനായിരുന്നു എന്നുള്‍പ്പെടെ എസ്എഫ്‌ഐഒ പരിശോധിക്കും. മുന്‍പ് രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടിയപ്പോള്‍ ജിഎസ്ടി അടച്ച വിവരങ്ങള്‍ മാത്രമാണ് എക്‌സാലോജിക് കൈമാറിയിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയ്‌ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സിപിഐഎമ്മിനേയും പ്രതിരോധത്തിലാക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാകാത്തതില്‍ ഹൈക്കോടതി മുന്‍പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സുപ്രധാന നീക്കമുണ്ടായിരിക്കുന്നത്. ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നടപടികള്‍ക്ക് കാരണമായിരുന്നത്.
Story Highlights: Mathew Kuzhalnadan on SFIO probe in Veena’s Exalogic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here