Advertisement

നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

January 11, 2024
Google News 5 minutes Read
split among hindu saints regarding ayodhya pran pratishta ceremony
  • ക്ഷേത്രത്തിന്റെ നിർമാണം കഴിയും മുൻപേ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ശാസ്ത്ര വിധികൾക്ക് എതിരെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

  • പ്രതികരിക്കാതെ ശ്രിംഗേരി ശാരദ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീർത്ഥയും സ്വാമി സദാനന്ദ സരസ്വതിയും

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹൈന്ദവാചാര്യന്മാർക്കിടയിലും ഭിന്നത. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ഗോവർധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിച്ചതിന് പിന്നാലെ ചടങ്ങിനെതിരെ കൂടുതൽ ഹൈന്ദവപുരോഹിതർ രംഗത്ത് വന്നു. ചടങ്ങ് സനാതന ധർമത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ട് നിൽക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം. 4000 പുരോഹിതന്മാർക്കാണ് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ഉള്ളത്. ( split among hindu saints regarding ayodhya pran pratishta ceremony )

ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ഉത്തരാഖണ്ട് ജ്യോതിഷ്പീഠിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നടക്കുന്ന ചടങ്ങ് ശാസ്ത്ര വിധിക്ക് വിപരീതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. രാമ ക്ഷേത്രത്തിന്റെ നിർമാണം കഴിയും മുൻപേ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ശാസ്ത്ര വിധികൾക്ക് എതിരാണെന്നാണ് സ്വാമിയുടെ വാദം. ഹൈന്ദവ വിശ്വാസത്തിന്റെ കൽപനകളുടെ ആദ്യ ലംഘനമാണ് ഇത്. ഹൈന്ദവ വിശ്വാസത്തിന്റെ രീതികൾ അനുസരിക്കുകയെന്നതാണ് ശങ്കരാചാര്യന്മാരുടെ കടമ. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ അത് ലംഘിക്കപ്പെടുകയാണ്. അതുകൊണ്ട് നാല് ശങ്കരാചാര്യരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് മാധ്യമങ്ങളോട് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

1949 ഡിസംബർ 22ന് അർധരാത്രി പെട്ടെന്ന് രാമദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് അന്ന് നിലനിന്നിരുന്ന സാഹചര്യം കണക്കിലെടുത്താണ്. അത് വ്യക്തമായി അറിയാവുന്നതുകൊണ്ട് ശങ്കരാചാര്യന്മാരാരും അതിനെ എതിർത്തില്ല. 1992 ലാണ് ബാബ്രി മസ്ജിദ് തകർക്കുന്നത്. എന്നാൽ ഇന്ന് തങ്ങളുടെ പക്കൽ വേണ്ടത്ര സമയമുണ്ടെന്നും, ധൃതി കൂട്ടേണ്ടതായ സഹാചര്യമില്ലെന്നും അതുകൊണ്ടുതന്നെ ക്ഷേത്ര നിർമാണം പൂർത്തിയാക്കിയ ശേഷം പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതാണ് ഉചിതമെന്നും അവിമുക്തേശ്വരാനന്ദ് വ്യക്തമാക്കി. ഇതെല്ലാം പറഞ്ഞാൽ തങ്ങളെ മേദി വിരുദ്ധരാക്കും, എന്നാൽ താൻ മോദി വിരുദ്ധനല്ലെന്നും പക്ഷേ ധർമ ശാസ്ത്രത്തിന് വിപരീതമായി പ്രവൃത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2,500 വർഷത്തോളമായി ഏറ്റവും ഉയർന്ന് നിൽക്കുന്ന സ്ഥാനമാണ് നാല് ശങ്കരാചാര്യന്മാരുടേതും. അതുകൊണ്ട് തന്നെ സനാതന ധർമം ലംഘിക്കുന്നവർക്കെതിരെ നിലപാടെടുക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടെന്ന് അവിമുക്തേശ്വരാനന്ദ സ്വാമിയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ് അറിയിച്ചു. മറ്റ് ശങ്കരാചാര്യന്മാർക്കും ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Read Also : 2,400 കിലോഗ്രാം ഭാരം, മുഴക്കം രണ്ട് കിലോമീറ്റർ വരെ, ചെലവ് 25 ലക്ഷം; രാമക്ഷേത്രത്തിനുള്ള ഭീമൻ അമ്പലമണി അയോധ്യയിൽ

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി തെരഞ്ഞെടുത്ത ദിവസത്തിന്റെ പേരിലും അതൃപ്തിയുണ്ട്. ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ശുഭകരമല്ലാത്ത പൗഷ് മാസത്തിലാണ് ഇത്. വേദഗ്രന്ഥങ്ങൾ പ്രകാരം പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഈ മാസം ശുഭകരമല്ലെന്നാണ് ശങ്കരാചാര്യ ശ്രീ സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞതായി ദ വയർ റിപ്പോർട്ട് ചെയ്തത്. രാമ നവമിയുടെ ദിവസം ചടങ്ങ് നടത്തുന്നതിനോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്നാൽ ഈ സമയമാകുമ്പോഴേക്കും തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുമെന്നതിനാൽ വിഷയത്തിൽ വേണ്ടത്ര മുതലെടുപ്പ് നടത്താൻ ബിജെപിക്ക് സാധിക്കില്ലെന്നും, ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ശ്രിംഗേരി ശാരദ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീർത്ഥയ്ക്ക് അതൃപ്തിയുണ്ടെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിൽ ഇത് തള്ളുകയാണ് ശ്രിംഗേരി മഠം അധികൃതർ. ശ്രിംഗേരി മഠവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ചടങ്ങുമായി ബന്ധപ്പെട്ട് ശങ്കരാചാര്യ ഭാരതി തീർത്ഥ സ്വാമി അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാർത്ത തെറ്റാണെന്നും ശ്രിംഗേരി മഠത്തിന്റെ ഔദ്യോഗിക എക്‌സ് പേജിൽ നിന്നും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അഞ്ച് നൂറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഏറെ സന്തോഷം നൽകിക്കൊണ്ടാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതെന്ന് കുറിപ്പിൽ ശ്രിംഗേരി മഠം വ്യക്തമാക്കി. ശ്രിംഗേരി മഠവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങൾ ഭക്തർ വിശ്വസിക്കരുതെന്നും ശ്രിംഗേരി മഠം അറിയിച്ചു.

പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ശ്രിംഗേരി ശാരദ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീർത്ഥയും സ്വാമി സദാനന്ദ സരസ്വതിയും, ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

Story Highlights: split among hindu saints regarding ayodhya pran pratishta ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here