‘പുതിയ ഹൈക്കോടതി മന്ദിരം കളമശേരിയിൽ ‘ ജുഡീഷ്യൽ സിറ്റിക്ക് ധാരണയായെന്ന് മന്ത്രി പി രാജീവ്

കളമശേരിയിൽ ജുഡീഷ്യൽ സിറ്റിക്ക് ധാരണയായെന്ന് മന്ത്രി പി രാജീവ്. കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്തുന്നതാണെന്ന് രാജീവ് പറഞ്ഞു.
ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. ഹെക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന്‍ സെന്റര്‍ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മ്മിക്കും.
കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് രൂപം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചു.
60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ച. അടി വിസ്തീര്‍ണ്ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീര്‍ഘകാല കാഴ്ചപ്പാടോടെ ഒരുക്കുന്നതായിരിക്കും. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി രാജീവ് അറിയിച്ചു.
Story Highlights: Kerala govt Plan to Construct new High court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here