Advertisement

‘ഇന്ത്യയിലായിരുന്നുവെങ്കിൽ യേശുക്രിസ്തുവിനെ കുരിശിലേറ്റില്ലായിരുന്നു’ : മൻമോഹൻ വൈദ്യ

February 5, 2024
Google News 3 minutes Read
Jesus wouldnt have been crucified had he been in India says Manmohan Vaidya

യേശുക്രിസ്തു ഇന്ത്യയിലായിരുന്നുവെങ്കിൽ കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയായിരുന്നു മൻമോഹൻ വൈദ്യയുടെ പരാമർശം. ( Jesus wouldnt have been crucified had he been in India says Manmohan Vaidya )

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആർഎഎസ്എസ് പ്രചാരക് മൻമോഹൻ വൈദ്യ, മുൻ വിദേശകാര്യ സെക്രട്ടറി പവൻ വർമ, എഴുത്തുകാരൻ ഭദ്രി നാരായണ എന്നിവർ തമ്മിൽ വേദിയിൽ ചർച്ച നടന്നിരുന്നു. സ്വത്തമാണ് ഭൂപ്രദേശത്തെ നിർവചിക്കുന്നതെന്നായിരുന്നു ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറിയുടെ വാദം. ഭൂപ്രദേശമാണ് സംസ്‌കാരത്തെ നിർവചിക്കുന്നതെന്ന് മുൻ വിദേശകാര്യ സെക്രട്ടറി പവൻ വർമയും, ഓർമകളും ആഖ്യാനങ്ങളും ചേർന്ന പ്രദേശം തന്നെ ഓരോ ഭൂപ്രദേശത്തും രൂപപ്പെടുന്നുണ്ടെന്ന് സാഹിത്യ അക്കാദമി ജേതാവ് ഭദ്രി നാരായണനും വാദിച്ചു. ഇതിനിടെയാണ് ചർച്ച ഇന്ത്യയിലേക്ക് തിരിഞ്ഞത്. ആത്മീയത അടിസ്ഥാനമായുള്ള ഇന്ത്യൻ ജീവിതശൈലി, രാജ്യത്തെ നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമാക്കുന്നുവെന്ന് മൻമോഹൻ വൈദ്യ പറഞ്ഞു. ഇന്ത്യക്കാർ കച്ചവടത്തിനും മറ്റുമായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങളെ കോളനി വത്കരിക്കുകയോ, ജനങ്ങളെ അടിമകളാക്കുകയോ ഇന്ത്യക്കാർ ചെയതിട്ടില്ലെന്ന് മൻമോഹൻ വൈദ്യ പറഞ്ഞു.

പിന്നീട് ചർച്ച പതിയെ ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ജാതീയ വിവേചനത്തിലേക്ക് വഴിമാറി. ആർഎസ്എസ് ഇന്റർ-കാസ്റ്റ് വിവാഹങ്ങളെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇന്നും രാജ്യത്ത് നടക്കുന്നതിൽ 90 ശതമാനവും സ്വജാതിയിൽപ്പെട്ട വിവാഹങ്ങളാണെന്ന് വൈദ്യ പറഞ്ഞു. വ്യത്യസ്ത ആശയങ്ങളേയും വീക്ഷണങ്ങളേയും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മൻമോഹൻ വൈദ്യ ചർച്ചയ്ക്കിടെ പറഞ്ഞു. ഇന്ത്യയിലെ 99% ജനങ്ങളും മതപരിവർത്തനം നടത്തിയവരാണെന്നും ഇന്തോനേഷ്യയിലെ മുസ്ലീങ്ങൾക്ക് രാമനാണ് അവരുടെ പൂർവികനെന്ന് കരുതാമെങ്കിൽ ഇവിടുത്തെ ജനങ്ങൾക്കും അത് കഴിയുമെന്നും മൻമോഹൻ വൈദ്യ ചൂണ്ടിക്കാട്ടി.

ക്രിസ്തീയ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600കളിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയൻ വംശജൻ ജിയോർദാനോ ബ്രൂണോയ്ക്ക്, ഇന്ത്യയിലായിരുന്നുവെങ്കിൽ ഈ ഗതിയുണ്ടാവില്ലായിരുന്നുവെന്ന് വിവേകാനന്ദ സ്വാമിയുടെ ശിഷ്യ സിസ്റ്റർ നിവേദിത എഴുതിയത് മൻമോഹൻ വൈദ്യ സദസിനെ ഓർമിപ്പിച്ചു. സിസ്റ്റർ നിവേദിത പറഞ്ഞില്ലെങ്കിൽ കൂടി, സമാന രീതിയിൽ ഇന്ത്യയിലായിരുന്നുവെങ്കിൽ യേശുക്രിസ്തുവിനും കുരിശിലേറേണ്ടി വരില്ലായിരുന്നുവെന്ന് മൻമോഹൻ വൈദ്യ പറഞ്ഞു. അതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ഓരോരുത്തരും ഹിന്ദുവാണെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് ചർച്ചയിൽ അദ്ദേഹം വാദം അവസാനിപ്പിച്ചത്.

Story Highlights: Jesus wouldnt have been crucified had he been in India says Manmohan Vaidya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here