അണ്ടർ 19 ലോകകപ്പ്; സെമിഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 244 റൺസ് നേടി. 76 റൺസ് നേടിയ ലുവാൻ -ഡ്രെ പ്രിട്ടോറിയസ് ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.
സ്റ്റീവ് സ്റ്റോക് (14) ഡേവിഡ് ടീഗർ (0) എന്നിവരെ വേഗം നഷ്ടമായ ദക്ഷിണാഫ്രിക്കയെ മൂന്നാം വിക്കറ്റിൽ പ്രിട്ടോറിയസും റിച്ചാർഡ് സെലെറ്റ്സ്വാനെയും (64) ചേർന്ന് കരകയറ്റി. പ്രിട്ടോറിയസ് ആക്രമിച്ചുകളിച്ചപ്പോൾ സെലെറ്റ്സ്വാനെ പ്രതിരോധിച്ച് ഒപ്പം നിന്നു. 72 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മുഷീർ ഖാനാണ് അവസാനിപ്പിച്ചത്. മുഷീറിൻ്റെ പന്തിൽ പ്രിട്ടോറിയസിനെ മുരുഗൻ അഭിഷേക് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഒലിവർ വൈറ്റ്ഹെഡ് (22), ദെവീൻ മറൈസ് (3) എന്നിവർ പെട്ടെന്ന് മടങ്ങിയപ്പോൾ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സെലെറ്റ്സ്വാനെയും പുറത്തായി.
അവസാന ഓവറുകളിൽ കൂറ്റനടി നടത്തിയ ക്യാപ്റ്റൻ ജുവാൻ ജെയിംസും (19 പന്തിൽ 24) ട്രിസ്റ്റൻ ലൂസും (12 പന്തിൽ 23) ചേർന്ന് ദക്ഷിണാഫ്രിക്കയെ 250നരികെ എത്തിക്കുകയായിരുന്നു. അവസാന 10 ഓവറിൽ 81 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.
Story Highlights: south africa innings india u19 wc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here