യുപിഎ ഭരണകാലത്തെ അഴിമതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി; ധവളപത്രത്തില്‍ യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ താരതമ്യം

യുപിഎ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ പത്ത് വര്‍ഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുകളുള്ള ധവളപത്രമാണ് സഭയില്‍ വച്ചത്. നാളെ ലോക്‌സഭയില്‍ ഈ ധവളപത്രത്തിന്മേലുള്ള വിശദമായ ചര്‍ച്ച നടക്കും. (Nirmala sitharaman tabled White Paper on economic mismanagement of UPA)
യുപിഎ സര്‍ക്കാരിന്റെ കാലത്തും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും പണം എങ്ങനെയൊക്കെയാണ് വിനിയോഗിക്കപ്പെട്ടത്, നയം എങ്ങനെയായിരിക്കും, സുതാര്യത എത്രത്തോളമായിരുന്നു എന്നെല്ലാം താരതമ്യം ചെയ്യുന്ന ധവളപത്രമാണ് സഭയില്‍ വച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 2014ല്‍ ഭരണത്തിലേറുമ്പോള്‍ രാജ്യത്തെ സമ്പദ്ഘടന പ്രതിസന്ധിയിലായിരുന്നെന്ന വാദമാണ് ധവളപത്രത്തിലൂടെ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. ഇതിന് കാരണം യുപിഎ സര്‍ക്കാരിന്റെ അഴിമതിയും തെറ്റായ സാമ്പത്തിക നയങ്ങളുമാണെന്നാണ് കേന്ദ്രം പറയാന്‍ ശ്രമിക്കുന്നത്.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
വികസന പദ്ധതികളുടെ പ്രയോജനം പോലും ജനങ്ങളിലേക്ക് വേണ്ടവിധത്തില്‍ എത്താത്തതിന് കാരണം പദ്ധതികളുമായി ബന്ധപ്പെട്ട് നടന്നിരുന്ന അഴിമതിയാണെന്ന് ധവളപത്രത്തിലൂടെ കേന്ദ്രം ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നു. പദ്ധതികള്‍ക്ക് പണലഭ്യത ഉറപ്പാക്കുന്നതിനുള്‍പ്പെടെ യുപിഎ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ധവളപത്രത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു രൂപയുടെ വിനിമയത്തില്‍ 60 പൈസയില്‍ താഴെ മാത്രം മൂല്യത്തിന്റെ പ്രയോജനമേ സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ എന്നുള്‍പ്പെടെ ധവളപത്രം പറയുന്നു. പണമിടപാടുകള്‍ ഡിജിറ്റലാക്കിയതോടെ പദ്ധതികളുടെ മുഴുവന്‍ പ്രയോജനവും സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നുവെന്നും ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Story Highlights: Nirmala sitharaman tabled White Paper on economic mismanagement of UPA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here