കൊച്ചിയിലെ ആദ്യകാല മാർവാടി വ്യവസായി ജയ് പ്രകാശ് ഗോയല്‍ അന്തരിച്ചു

കൊച്ചിയിലെ ആദ്യകാല മാർവാടി വ്യവസായിയും ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് കൊച്ചി പ്രസിഡന്റും ഇന്ത്യൻ സ്പൈസസ് അസോസിയേഷന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളുമായ ജയ് പ്രകാശ് ഗോയൽ (77) അന്തരിച്ചു. 70കൾ മുതൽ മൂന്ന് പതിറ്റാണ്ട് കാലം കൊച്ചിയിലെ ലൈസൻസിങ്ങ്, വെളിച്ചെണ്ണ, റബർ, കശുവണ്ടി, ട്രാൻസ്പോർട്ട്, സുഗന്ധവ്യജ്ഞന, സമുദ്രോത്പന്ന കയറ്റുമതി മേഖലകളിലെ പ്രധാന സാനിധ്യമായിരുന്നു അദ്ദേഹം.
20ാം വയസിൽ ഹിന്ദി ഭാഷ മാത്രം കൈമുതലായി 1967്ൽ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയ അദ്ദേഹം നഗരത്തിലെ ബിസിനസ് രംഗത്ത് സജീവമായി. വളരെ വേഗത്തിൽ മലയാളവും ഇംഗ്ലീഷും സ്വായത്തമാക്കി. “മലയാളി അല്ലാത്തതിനാൽ നാട്ടുകാരിൽ നിന്ന് ചില ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും ഒരു ആവശ്യം വന്നാൽ ആർക്കും ഏത് സമയവും മുട്ടാവുന്ന വാതിൽ ആയിരുന്നു ജെ പി,” ആർട്ടീ സീഫൂഡ് എക്പോർട്ടിങ്ങ് കമ്പനി എം ഡി ടോം തോമസ് പറഞ്ഞു.
ദില്ലിയിലോ മറ്റ് വടക്കേ ഇന്ത്യൻ നഗരങ്ങളിലോ കൊച്ചിയിലെ മലയാളി വ്യവസായികൾ പ്രശ്നങ്ങൾ അഭിമുഖീകരിച്ചാൽ അത് പരിഹരിക്കാൻ എപ്പോഴും നേരിട്ട് ഇറങ്ങി. “ചേംബർ ഓഫ് കൊമേഴ്സ് കണ്ട എറ്റവും മികച്ച പ്രസിഡന്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷ രംഗത്ത് അദ്ദേഹം കാട്ടിയ മാതൃക ഒരിക്കലും മറക്കാനാവില്ല,” 1985 മുതൽ ജെ പി ഗോയലിനെ അടുത്ത് പരിചയമുള്ള സാമൂഹിക പ്രവർത്തകൻ കെ ബി ഹനീഫ് പറഞ്ഞു.
കൊച്ചിയിലെ വടക്കേ ഇന്ത്യൻ സമുദായങ്ങളുടെ കൂട്ടായ്മയായ അഗർവാൾ സമാജിന്റെ തുടക്കക്കാരിൽ ഒരാളായിരുന്നു ജെ പി ഗോയൽ. ഇന്ന് വൈകുന്നേരം 4ന് കത്രിക്കടവ് നോർത്ത് ഇന്ത്യൻ ട്രസ്റ്റ് ഹാളിൽ അനുസ്മരണ കൂട്ടായ്മ ഉണ്ടായിരിക്കും. ഭാര്യ : സുമൻ ഗോയൽ. മക്കൾ : റിതു, രാഹുൽ, വിശാൽ. മരുമക്കൾ : ഹരീഷ്, പൂജ, പൂജ. കൊച്ചുമക്കൾ : ഊർജ, അഭീർ, വിഹാൻ, കെനിഷ, വന്യ, ധന്വി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here