Advertisement

ഖത്തറുമായി എൽ.എൻ.ജി കരാർ 2048 വരെ പുതുക്കി ഇന്ത്യ; 6 ബില്യൺ ഡോളർ ലാഭം

February 13, 2024
Google News 1 minute Read

ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇറക്കുമതി കരാർ 2048 വരെ നീട്ടാന്‍ ഇന്ത്യ. പ്രതിവർഷം 75 ലക്ഷം ടൺ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള കരാറിൽ ഖത്തറുമായി ഒപ്പുവെക്കും. പുതിയ കരാർപ്രകാരം ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ഏകദേശം 0.8 ഡോളർ ഇന്ത്യക്ക് ലാഭിക്കാനാകും.

ബാരലിന് $80 എന്ന ബ്രെൻ്റ് വില കണക്കാക്കിയാൽ, 20 വർഷ കാലയളവിൽ ഏകദേശം 6 ബില്യൺ ഡോളർ ലാഭിക്കാൻ പുതിയ വിലനിർണ്ണയ നിബന്ധനകൾ കാരണമായേക്കാം.

നിലവിലെ നിരക്കിനെക്കാള്‍ ഗണ്യമായ കുറവിൽ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ലഭ്യമാകുന്ന സ്ഥിതിക്ക് ഇറക്കുമതി നീട്ടുകയാണ് ഇന്ത്യയുടെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ കരാർ ഒപ്പിട്ട ഇതേ ആഴ്ചയിൽ തന്നെയായിരുന്നു ഖത്തറിൽ തടവുശിക്ഷയ്‌ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം നൽകിയത്. ഖത്തറിൽ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് നാവികരുടെ വധശിക്ഷയിൽ കഴിഞ്ഞ മാസം ഇളവ് ലഭിക്കുകയും തടവുശിക്ഷയായി കുറയ്‌ക്കുകയും ചെയ്തിരുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഖത്തറിലെ അപ്പീൽ കോടതി നാവികരെ വെറുതെവിട്ട കാര്യം അറിയിച്ചത്. ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ച ഖത്തർ അപ്പീൽ കോടതി വിധിയെ കേന്ദ്രസർക്കാർ സ്വാഗതം ചെയ്തു. ഇവരിൽ ഏഴ് പേർ ഇന്ത്യയിൽ മടങ്ങിയെത്തിയെന്നും ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും വഴിയൊരുക്കിയ ഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനം അഭിനന്ദാർഹമാണമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിലെ ഇന്ത്യൻ പൗരന്മാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും 2022 ഓഗസ്റ്റിൽ കസ്റ്റഡിയിലെടുത്തത്. ഈ സംഘത്തിലാണ് ഇന്ത്യയിലെ മുൻ നാവിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പെട്രോനെറ്റ് നിലവിൽ പ്രതിവർഷം 85 ലക്ഷം ടൺ എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്നു. ആദ്യത്തെ 25 വർഷത്തെ കരാർ 2028-ൽ അവസാനിക്കും. എന്നാൽ ഇപ്പോൾ 20 വർഷത്തേക്ക് കൂടി നീട്ടുകയാണ്.

പെട്രോളിയം ഉൽപന്നങ്ങളോടുള്ള ആശ്രയത്വം പരമാവധി കുറക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ നീക്കം. ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, 2070-ഓടെ കാർബൺ എമിഷൻ ഒഴിവാക്കാനുള്ള പരിവർത്തന ഇന്ധനമായാണ് പ്രകൃതി വാതകത്തെ കാണുന്നത്.

ഇതിൻ്റെ ഭാഗമായി രാജ്യത്തെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിൻ്റെ പങ്ക് 2030 ആകുമ്പോഴേക്കും 6.3 ശതമാനത്തിൽ നിന്ന് 15 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഊർജ മന്ത്രിയും ഖത്തർ എനർജിയിലെ ഉന്നത ഉദ്യോഗസ്ഥരും ഐ.ഇ.ഡബ്ല്യുവിൽ പങ്കെടുക്കുന്നുണ്ട്.

Story Highlights: India-Qatar lng term Contract Extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here